കെഎസ്‌ആർടിസിയില്‍ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് അർധരാത്രി ആരംഭിച്ചു. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്.
പണിമുടക്കിൻ്റെ ഭാഗമായി ടിഡിഎഫ് പ്രവർത്തകർ ബസുകള്‍ തടയുന്നുണ്ട്. തിരുവനന്തപുരം പാപ്പനംകോട്, പാലക്കാട് ഡിപ്പോകളില്‍ പ്രവർത്തകർ ബസ് തടഞ്ഞു. പ്രതിഷേധവുമായി ടിഡിഎഫ് പ്രവർത്തകർ ബസ് ഡിപ്പോകളില്‍ എത്തിതുടങ്ങിയിട്ടുണ്ട്.
എല്ലാ മാസവും അഞ്ചിനു മുന്പ് നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണെന്നും ഇതാണ് സമരത്തിന്‍റെ പ്രധാന കാരണമെന്നും ടിഡിഎഫ് നേതാക്കള്‍ പറഞ്ഞു.
തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി പ്രഖ്യാപിച്ച സമരം ഡയസ്നോണ്‍ പ്രഖ്യാപിച്ച് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും സമാധാനപരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്‍റ് തന്പാനൂർ രവി, വർക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎല്‍എ, ജനറല്‍ സെക്രട്ടറി വി.എസ്. ശിവകുമാർ എന്നിവർ അറിയിച്ചു.
ഇതിനിടെ സമരം നേരിടാനുള്ള നടപടികളുമായി കെഎസ്‌ആർടിസി മാനേജ്മെൻ്റും മുന്നോട്ട് പോകുകയാണ്. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസുകള്‍ നടത്താനാണ് കെഎസ്‌ആർടിസി മാനേജ്മെൻ്റിൻ്റെ നിർദ്ദേശം.
ഡയസ്നോണ്‍ കർശനമാക്കി നടപ്പിലാക്കാനും നിർദ്ദേശമുണ്ട്. സിവില്‍ സർജൻ്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസർ നല്‍കുന്ന സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലല്ലാതെ അവധി അനുവദിക്കരുതെന്നാണ് നിർദ്ദേശം.
ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡി.എ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിത പരിശോധന നടത്തുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക, കെ.എസ്.ആർ.ടി.സിക്ക് വേണ്ടി പുതിയ ബസുകള്‍ വാങ്ങുക, മെക്കാനിക്കല്‍ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക, സ്വിഫ്റ്റ് കമ്ബനി കെ.എസ്.ആർ.ടി.സിയില്‍ ലയിപ്പിക്കുക, കാറ്റഗറി വ്യത്യാസം ഇല്ലാതെ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, എൻ.പി.എസ്, എന്‍ഡിആര്‍ നാളിതുവരെയുള്ള കുടിശിക അടച്ചു തീര്‍ക്കുകയും പിടിക്കുന്ന തുക അതാതു മാസം അടക്കുകയും ചെയ്യുക, അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടി.ഡി.എഫ് പണിമുടക്കുന്നത്.