ബജറ്റില്‍ കേരളത്തിന് കിട്ടിയത് അവഗണനയും പരിഹാസവും; മലയാളി മന്ത്രിമാർ ചെയ്തത് മുറിവില്‍ മുളക് തേക്കല്‍

Nirmala Sitharaman Suresh gopi and George Kurian

ന്യൂഡൽഹി: ശനിയാഴ്ച കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് ലഭിച്ചത് അവഗണനയും അതേക്കുറിച്ച് മലയാളികളായ കേന്ദ്രമന്ത്രിമാർ നടത്തിയത് പരിഹാസവും. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2000 കോടി രൂപ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും ബജറ്റിൽ ഇത് പരിഗണിക്കപ്പെട്ടില്ല. കേരള സർക്കാർ ഇതിനെ പ്രതിഷേധാർഹമായ അവഗണനയായി വിലയിരുത്തുകയും, കേന്ദ്ര സർക്കാരിന്റെ നിലപാട് സംസ്ഥാനത്ത് ബിജെപി ഒഴികെയുള്ള പാർട്ടികളുടെ വിമർശനത്തിന് ഇടയാക്കിയിട്ടും ഉണ്ട്.

കേന്ദ്ര സർക്കാരിന്റെ ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കൽ തുടങ്ങിയ നയങ്ങൾ മൂലം കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജും, വിഴിഞ്ഞം തുറമുഖ വികസനത്തിനായി 5000 കോടി രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. കഴിഞ്ച വർഷവും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും അവ പരിഗണനയിലേക്കെത്തിയിരുന്നില്ല.

കേരളം ഇത്തവണ ബജറ്റിൽ മുന്നോട്ടുവെച്ച മറ്റ് പ്രധാന ആവശ്യങ്ങളിൽ പ്രവാസിക്ഷേമ പദ്ധതിക്കായി 3940 കോടി രൂപ, മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനുള്ള നടപടികൾക്കായി 1000 കോടി രൂപ, കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദുരിതങ്ങൾ നേരിടാനായി 4500 കോടി രൂപ, കടലേറ്റവും തീരശോഷണവും നേരിടാനായി 2329 കോടി രൂപ, നെല്ലുസംഭരണത്തിനായി 2000 കോടി രൂപ, ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താനായി 2117 കോടി രൂപ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, ഈ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിക്കപ്പെട്ടില്ല. റബ്ബർ കർഷകർക്ക് മിനിമം വില ഉറപ്പാക്കുന്ന പദ്ധതിക്കായി ആവശ്യപ്പെട്ട 1000 കോടി രൂപയും ലഭിച്ചില്ല.

ഇതിനിടയിൽ, നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്ന ബിഹാർ സംസ്ഥാനത്തിന് വേണ്ടി ബജറ്റിൽ പ്രത്യേക പദ്ധതികളും സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മഖാന കൃഷിക്ക് പിന്തുണ നൽകാനായി പ്രത്യേക ബോർഡ്, പുതിയ വിമാനത്താവളങ്ങൾ, കനാൽ നിർമാണത്തിലൂടെ 50,000 ഹെക്ടറിൽ ജലസേചനം, പട്ന ഐ.ഐ.ടി. വികസനം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി തുടങ്ങിയ പദ്ധതികൾ ബിഹാർക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചില സംസ്ഥാനങ്ങൾക്ക് പ്രീണന പദ്ധതികൾ കരുതിവെക്കുന്ന പ്രവണത ജനാധിപത്യപരമല്ലെന്ന് കേരളം വിമർശിച്ചിട്ടുണ്ട്.

ബജറ്റിൽ കേരളത്തിന് ലഭിച്ച അവഗണനയെക്കുറിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ നടത്തിയ വിവാദപരാമർശവും സംസ്ഥാനത്തെ ദുഃഖിപ്പിച്ചിട്ടുണ്ട്. കേരളം പിന്നാക്കം നിൽക്കുന്ന സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചാൽ മാത്രമേ സഹായം ലഭിക്കൂ എന്ന് മന്ത്രി പറഞ്ഞത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. മലയാളിയായ ഒരു നേതാവിൽ നിന്ന് പ്രതീക്ഷിക്കാത്ത പ്രസ്താവനയാണിതെന്ന വിമർശനമാണ് ഉയരുന്നത്. കേരളം നേടിയ പുരോഗതിയെയും മുന്നേറ്റങ്ങളെയും അപഹസിക്കുന്ന പ്രസ്താവനയാണെന്നും സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന തിരുത്താനുള്ള ആവശ്യം കേരളം ഉന്നയിച്ചിട്ടുണ്ട്.

വിനോദസഞ്ചാരമേഖലയിൽ കേരളത്തിന് ഒന്നും കിട്ടിയില്ലെന്ന പരാതിയെ സുരേഷ് ഗോപിയും വിമർശിച്ചു. കേരളം നിലവിളിക്കുകയല്ല വേണ്ടതെന്നും കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കുകയാണ് വേണ്ടതെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു. ‘‘ഒരു സർക്യൂട്ട്പോലും കിട്ടിയില്ലെന്നാണ് കേരളം പറയുന്നത്. എന്തുവേണമെന്ന് പറഞ്ഞ് ചുമ്മാ ബഹളം കൂട്ടിയാൽപോരാ. കേരളത്തിന് സ്വാസ്തിയുടെ കീഴിൽ, രണ്ട്‌ പദ്ധതിക്ക് സാധ്യതയുണ്ടായിരുന്നു. ഒന്ന് വടകരയിൽ കൊടുത്തു. രണ്ടാമത് നൽകിയ പദ്ധതി ഒട്ടും നടപ്പാക്കാൻ സാധിക്കാത്തതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇങ്ങനെ കേരളത്തിന് അർഹതപ്പെട്ട പരിഗണന ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടുള്ള കേന്ദ്രമന്ത്രിമാരുടെയും ബിജെപി നേതാക്കളുടെയും പരിഹാസത്തിനെതിരെ വിർശനം ശക്തമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments