മുംബൈ: ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി20 മത്സരത്തിൽ ബാറ്റിംഗ് ചെയ്യുന്നതിനിടെ പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ആറ് ആഴ്ച വിശ്രമിക്കേണ്ടിവരും. താരത്തിന്റെ കൈവിരലിൽ പൊട്ടൽ ഉണ്ടെന്ന് അറിയുന്നു. ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി സഞ്ജു കളിക്കാനാവില്ല. ഇന്നലെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16 റൺസുമായി സഞ്ജു മടങ്ങിയിരുന്നു. പിന്നീട് വിക്കറ്റ് കീപ്പിംഗിനും അദ്ദേഹം എത്തിയിരുന്നില്ല. പകരം ധ്രുവ് ജുറൽ വിക്കറ്റ് കീപ്പറായി കളിച്ചു.
മുംബൈയിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സറായി പറത്തിയാണ് സഞ്ജു തുടങ്ങിയത്. അതും പരമ്പരയിൽ മൂന്ന് തവണയും തന്നെ പുറത്താക്കിയ ജോഫ്ര ആർച്ചറിനെതിരെ. സ്ക്വയർ ലെഗിലൂടെ പുള്ളിഷോട്ട് കളിച്ചാണ് സഞ്ജു സിക്സർ നേടിയത്. ആ ഒരു ഷോട്ടിൽ മാത്രം ഒതുക്കിയില്ല സഞ്ജു. അഞ്ചാം പന്തിൽ മറ്റൊരു സിക്സറും കൊണ്ടുവന്നു. ഇത്തവണയും ബൗണ്ടറിയുമായി സഞ്ജു എത്തിയപ്പോൾ സ്ക്വയർ ലെഗിലൂടെ സിക്സർ പായിച്ചു. അവസാന പന്തിൽ ബൗണ്ടറിയും നേടി. 16 റൺസാണ് ആദ്യ ഓവറിൽ തന്നെ ആർച്ചറിനെതിരെ സഞ്ജു അടിച്ചെടുത്തത്.
ഇതിനിടെയാണ് സഞ്ജുവിന്റെ കൈവിരലുകൾക്ക് പരിക്കേറ്റത്. ആർച്ചറിന്റെ മൂന്നാം പന്ത് സഞ്ജുവിന്റെ ഗ്ലൗവിൽ തട്ടി. പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലിൽ ബാൻഡേജ് ചുറ്റിയ ശേഷമാണ് കളിച്ചത്. എന്നാൽ അടുത്ത ഓവറിൽ സഞ്ജു പുറത്താവുകയും ചെയ്തു. ദേഹത്തേക്ക് അതിവേഗത്തിൽ വരുന്ന ഷോട്ടുകൾ കളിക്കാൻ സഞ്ജു പ്രയാസപ്പെടുന്നുവെന്ന് വിമർശനമുണ്ടായിരുന്നു. ഈ വിമർശനങ്ങൾ ശരിവെക്കുന്ന വിധത്തിലാണ് സഞ്ജു പുറത്തായതും. ഇത്തവണ മാർക്ക് വുഡിന്റെ പന്തിൽ സ്ക്വയർ ലെഗിൽ ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങുന്നത്.
അതേസമയം, ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളി. പരിക്കുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സഞ്ജു ഈ മത്സരം കളിക്കില്ല. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. ഏഴ് മത്സരങ്ങളും പൂർത്തിയാക്കിയ കേരളത്തിന് 28 പോയിന്റാണ് ലഭിച്ചത്. ഒരു മത്സരം പോലും കേരളം തോറ്റിട്ടില്ല. മൂന്ന് മത്സരം കേരളം ജയിച്ചപ്പോൾ നാലെണ്ണം സമനിലയിൽ അവസാനിച്ചു. ഗ്രൂപ്പിൽ ബംഗാൾ, കർണാടക എന്നീ വമ്പന്മാരെ പിന്തള്ളിയാണ് കേരളം ക്വാർട്ടർ ഫൈനലിൽ കടന്നത്.