കേരളത്തിൽ കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ പിണറായി സർക്കാർ. 50 കോടിക്ക് മുകളിൽ മുതൽ മുടക്കുള്ള റോഡുകളിലാണ് ടോൾ ഈടാക്കുക. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല സമിതി അംഗീകരിച്ചിട്ടുണ്ട്. നിയമ മന്ത്രി പി രാജീവും ധനമന്ത്രി കെ.എൻ. ബാലഗോപാലും യോഗത്തില്‍ പങ്കെടുത്തു. ഇക്കാര്യം ഉടൻ മന്ത്രിസഭയുടെ പരിഗണനയിൽ വരും.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തിയതോടെയാണ് വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയേൽക്കുന്നത്. വായ്പ പരിധി കുറച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ ഹൈവേ അതോറിറ്റി ടോൾ പിരിക്കുന്ന മാതൃകയിലാണ് കിഫ്ബിയും ടോൾ പിരിക്കാനൊരുങ്ങുന്നത്.
കിഫ്ബി റോഡുകളിൽ യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് ഓരോ ബൂത്തിലും ടോൾ പിരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ തദ്ദേശീയർക്ക് ടോൾ ഈടാക്കില്ല. ടോൾ പിരിവിനായി നിയമനിർമാണം നടത്താനുള്ള തീരുമാനം എടുത്തെങ്കിലും, ഇക്കാര്യം ഇതുവരെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.
ടോൾ പിരിവിനായി കിഫ്ബി പഠനം തുടങ്ങിയിട്ടുണ്ട്. കിഫ്ബി വായ്പ സംസ്ഥാന സർക്കാരിന്റെ കടബാധ്യത വർദ്ധിപ്പിക്കുന്നുവെന്ന കേന്ദ്ര വാദത്തിന് മറുപടിയായി, കേന്ദ്ര സ്ഥാപനങ്ങളും ഇതുപോലെ കടമെടുക്കുന്നുവെന്ന് കേരളം വാദിച്ചിരുന്നു. എന്നാൽ ഈ സ്ഥാപനങ്ങൾക്ക് തിരിച്ചടവിന് വരുമാനമുണ്ടായിരുന്നുവെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ദേശീയ പാത അതോറിറ്റിയുടെ ടോൾ വരുമാനം ഇതിന് ഉദാഹരണമായി കേന്ദ്രം സൂചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള നീക്കം.
കിഫ്ബി കടം സംസ്ഥാനത്തിന്റെ അധിക ബാധ്യതയാണെന്ന് സിഎജി റിപ്പോർട്ടുകളും കേന്ദ്ര നിലപാടുകളും ചൂണ്ടിക്കാട്ടിയതിനെ തുടർന്ന്, പദ്ധതികൾക്ക് വായ്പ ലഭിക്കാത്ത പ്രശ്‌നം മറികടക്കാനാണ് ടോൾ വഴി തേടുന്നത്. ഇനി ടോളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കിഫ്ബി അധികൃതർ പറഞ്ഞു. ഇന്ധന സെസ്, മോട്ടോർ വാഹന നികുതിയുടെ പകുതി തുക എന്നിവയാണ് ഇപ്പോൾ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്. ആദ്യം ടോളിനെ എതിർത്ത സിപിഎം നിലപാട് മാറ്റിയതിനാൽ ഇപ്പോൾ നയപരമായ പ്രശ്‌നമില്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം.