
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞതോടെ സംസ്ഥാനത്തെ മന്ത്രിസഭാംഗങ്ങള്‍ വിദേശയാത്രയുമായി തിരക്ക്. മുഖ്യമന്ത്രി പിണറായി വിജയനും മരുമകനും പൊതുമരാമത്ത് മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും വിദേശത്ത് കുടുംബത്തോടൊപ്പം വിനോദയാത്രയിലാണ്. ഇന്തോനേഷ്യ, സിങ്കപ്പൂര്‍, യു.എ.ഇ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും സന്ദര്‍ശനം നടത്തുന്നത്.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യയും ഇന്തോനേഷ്യയിലേക്ക് വിനോദ യാത്ര പോയിരിക്കുകയാണ്. ഈമാസം അഞ്ചാം തീയതി ഇന്ത്യയില്‍ നിന്ന് തിരിച്ച മന്ത്രിയും ഭാര്യയും 14ാം തീയതിയേ തിരിച്ചുവരികയുള്ളൂവെന്നാണ് അറിയുന്നത്. നാട്ടിലെ ചൂട് കാലാവാസ്ഥ സഹിക്കാനാകാതെയാണ് മന്ത്രിമാര്‍ വിദേശയാത്രയുമായി സജീമാകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ഇവരെ കൂടാതെ കൂടുതല്‍ മന്ത്രിമാര്‍ വിദേശയാത്രക്ക് തയ്യാറെടുക്കുന്നതായാണ് സെക്രട്ടേറിയറ്റില്‍ നിന്ന് അറിയുന്നത്.
അതേസമയം, കേരളത്തിലെ ജനങ്ങള്‍ ഉഷ്ണതരംഗത്തിലും കള്ളക്കടല്‍ പ്രതിഭാസത്തിലും പെട്ട് ദുരിതമനുഭവിക്കുമ്പോള്‍ ഭരണാധികാരികള്‍ വിദേശയാത്രകളില്‍ സജീവമാകുന്നതിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളും ഒരുപോലെ പിണറായി വിജയനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് രംഗത്തെത്തി. മുഖ്യമന്ത്രിക്ക് വിദേശയാത്രക്കുള്ള ഫണ്ട് ആര് നല്‍കിയെന്ന ചോദ്യമാണ് വി. മുരളീധരന്‍ ഉന്നയിച്ചത്. പശു ആലയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതുപോലെ എങ്ങോട്ടെങ്കിലും പോകാനുള്ള ആളാണോ മുഖ്യമന്ത്രിയെന്നായിരുന്നു കെ. സുധാകരന്റെ വിമര്‍ശനം.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രകള്‍ പാര്‍ട്ടിയും അറിയേണ്ടവരും അറിഞ്ഞിട്ടാണെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ന്യായീകരണം. ആരാണ് മന്ത്രിമാരുടെ യാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.