
റവന്യു ജീവനക്കാരുടെ സ്ഥലം മാറ്റം അനിശ്ചിതത്വത്തിൽ; വെബ്‌സൈറ്റ് നിശ്ചലം
തിരുവനന്തപുരം: റവന്യുവകുപ്പ് ജീവനക്കാർക്ക് 2025ലെ പൊതു സ്ഥലംമാറ്റത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ് നിശ്ചലം.
ഇന്ന് രാത്രി 12വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. ഇതോടെ നൂറുകണക്കിന് ജീവനക്കാരുടെ സ്ഥലംമാറ്റം അവതാളത്തിലായി. റവന്യു കമ്മിഷണറേറ്റിലെ ഐ.ടി സെല്ലിന് സൈറ്റ് ഓപ്പൺ ചെയ്യാൻ കഴിയാത്തതാണ് തടസമായത്. ഐ.ടി സെല്ലിന്റെ വീഴ്ച കാരണം കഴിഞ്ഞ വർഷവും 9 മാസം വൈകിയാണ് സ്ഥലംമാറ്റം നടന്നത്.
റവന്യു സർവറിന്റെ കപ്പാസിറ്റി കുറവായതിനാലാണ് സൈറ്റ് നിശ്ചലമായത്. ഇത് ഐ.ടി സെല്ലിലുള്ളവർക്ക് അറിവുള്ളതുമാണ്. സ്റ്റേറ്റ് ഡാറ്റാ സെന്ററിലേക്ക് (എസ്.ഡി.സി) ഇതുമാറ്റിയാൽ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് ജീവനക്കാർ പറയുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുമാറ്റുമെന്നാണ് ജീവനക്കാർക്ക് അധികൃതർ നൽകുന്ന ഉറപ്പ്.
സീനിയർ ക്‌ളർക്ക്/ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് ഓഫീസർ/ റവന്യു ഇൻസ്‌പെക്ടർ/ ഹെഡ് ക്‌ളർക്ക്, ഡെപ്യൂട്ടി തഹസീൽദാർ/ ജൂനിയർ സൂപ്രണ്ട്, തഹസീൽദാർ/ സീനിയർ സൂപ്രണ്ട്, യു.ഡി ടൈപ്പിസ്റ്റ്/ സീനിയർഗ്രേഡ് ടൈപ്പിസ്റ്റ്, സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, ഫെയർകോപ്പി സൂപ്രണ്ട് എന്നീ തസ്തികകളിലുള്ളവർക്കാണ് സ്ഥലംമാറ്റം ലഭിക്കേണ്ടത്.
ലാൻഡ് റവന്യു കമ്മിഷണറേറ്റ് 2024 നവംബർ 26ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം സ്ഥലംമാറ്റ അപേക്ഷകൾ വ്യക്തിഗത ലോഗിൻ മുഖേന ജനുവരി 15ന് രാവിലെ 10 മുതൽ 31ന് രാത്രി 12 വരെ സമർപ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ സൈറ്റ് പ്രവർത്തിച്ചില്ല. സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവരാണ് ഇതോടെ നിരാശരായത്. എൻ.ജി.ഒ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.