
നാലാം ട്വൻ്റി 20 യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് കൂട്ടതകർച്ച.
രണ്ടാം ഓവർ എറിഞ്ഞ സക്വിബ് മഹമൂദാണ് ഇന്ത്യയെ തകർത്തത്. സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി. ഒരു റൺസ് എടുത്ത സഞ്ജുവിൻ്റെ വിക്കറ്റാണ് മഹമൂദ് ആദ്യം വീഴ്ത്തിയത്.
തൊട്ടു പിന്നാലെ ഫസ്റ്റ് ഡൗണായി ഇറങ്ങിയ തിലക് വർമയുടെ (0) വിക്കറ്റും മഹമൂദ് നേടി. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനേയും ( o) മഹമുദ് മടക്കി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 4 ഓവറിൽ 3 വിക്കറ്റിന് 28 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അഭിഷേക് ശർമ (21) റിങ്കു സിംഗ് (5) എന്നിവരാണ് ക്രീസിൽ.
ആദ്യമായാണ് ഈ പരമ്പരയിൽ ഇംഗ്ലണ്ട് ടോസ് നേടുന്നത്. കഴിഞ്ഞ 3 മൽസരങ്ങളിലും ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യ ടീമിൽ 3 മാറ്റങ്ങൾ വരുത്തി. വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജൂറേൽ, ഷമി എന്നിവർക്ക് പകരം ശിവം ദുബെ, റിങ്കു സിംഗ്, അർഷ്ദീപ് സിംഗ് എന്നിവർ ഇന്ത്യൻ നിരയിൽ എത്തി.
27 ട്വൻ്റി 20 മൽസരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഇതുവരെ നടന്നത്. 15 മൽസരത്തിൽ ഇന്ത്യയും 12 മൽസരത്തിൽ ഇംഗ്ലണ്ടും ജയിച്ചു. അഞ്ച് മൽസരങ്ങളുളള ട്വൻ്റി 20 പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. ഇന്നത്തെ മൽസരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര ജയിക്കാം.