CricketNewsSports

സഞ്ജു സാംസണെ ഏത് പൊസിഷനിൽ ഇറക്കും! കൺഫ്യൂഷനിൽ ഗൗതം ഗംഭീർ

സഞ്ജു സാംസണെ മധ്യനിരയിലേക്ക് മാറ്റാൻ ആലോചന. തുടർച്ചയായി 3 തവണ ഇംഗ്ലീഷ് പേസർ ആർച്ചറിന് മുന്നിൽ കീഴടങ്ങിയതോടെയാണ് സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി പരീക്ഷിക്കണമെന്ന ആലോചന ഉയരുന്നത്.

26, 5, 3 എന്നിങ്ങനെയാണ് സഞ്ജുവിൻ്റെ കഴിഞ്ഞ 3 മൽസരത്തിലെ സ്കോർ .2024 ൽ ട്വൻ്റി 20 മിന്നുന്ന പ്രകടനം കാഴ്ച വച്ച സഞ്ജുവിൽ നിന്ന് അതേ പ്രകടനങ്ങൾ പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തുകയായിരുന്നു സഞ്ജു.

സഞ്ജുവിനോടൊപ്പം ക്യാപ്റ്റൻ സൂര്യ കുമാർ യാദവിനും ഫോം കണ്ടെത്താനാവാത്തത് ഇന്ത്യൻ ബാറ്റിംഗ് നിരയെ തളർത്തി. അഭിഷേക് ശർമയുടേയും തിലക് വർമയുടേയും ഒറ്റയാൾ പ്രകടനത്തിൻ്റെ പിൻബലത്തിലാണ് ആദ്യ രണ്ട് മൽസരത്തിലും ഇന്ത്യക്ക് ജയിക്കാൻ കഴിഞ്ഞത്.

മൂന്നാം മൽസരത്തിൽ അങ്ങനൊരു പ്രകടനം നടത്താൻ ആരും ഇല്ലാതായതോടെ ഇന്ത്യ ദയനിയമായി തോറ്റു.വെള്ളിയാഴ്ച്ച പൂനെയിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്ബരയിലെ നാലാം മത്സരം.

പൂനെയില്‍ പരമ്പരാഗതമായി സ്പിന്നിനെ തുണക്കുന്ന പിച്ചാണുള്ളത്. സ്പിന്നിനെതിരെ നന്നായി കളിക്കുന്ന സഞ്ജുവിനെ ഓപ്പണറായി തന്നെ ഇറക്കണമെന്ന വാദവും ശക്തമാണ്. സഞ്ജുവിൻ്റെ ബാറ്റിംഗ് പൊസിഷനിൽ കടുത്ത കൺഫ്യൂഷനിലാണ് പരിശീലകൻ ഗംഭീർ.

നാലാം മത്സരത്തിന് മുമ്പായി കഠിന പരിശിലനത്തിലാണ് സഞ്ജു. തന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് സഞ്ജു കഠിനമായിത്തന്നെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ട് പരിശീലനം നടത്തുന്നുണ്ട്. സഞ്ജുവിന് വരുന്ന രണ്ട് മത്സരങ്ങളും വളരെ നിര്‍ണ്ണായകമാണ്.

ഇതിലും നിരാശപ്പെടുത്തിയാല്‍ സഞ്ജുവിനെ ടീമില്‍ നിന്ന് തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല. ഗൗതം ഗംഭീറും സൂര്യകുമാര്‍ യാദവും സഞ്ജുവിന് പിന്തുണ നല്‍കുന്നുണ്ട്. എന്നാല്‍ മോശം ഫോമില്‍ തുടര്‍ന്നാല്‍ തഴയാന്‍ അവരും നിര്‍ബന്ധിതരാവും.

അഞ്ച് മൽസര പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്. നാളത്തെ മൽസരം ജയിച്ച് പരമ്പര സ്വന്തമാക്കാനാകും ഇന്ത്യൻ ശ്രമം. നാളെ ഇംഗ്ലണ്ട് ജയിച്ചാൽ പരമ്പരയിലെ അവസാന മൽസരം നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *