Kerala Government News

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കൾക്കെതിരെ എന്ത് നടപടിയെടുത്തു? പൊതുഭരണ വകുപ്പിനോട് തദ്ദേശ വകുപ്പ് സെക്രട്ടറിയുടെ ചോദ്യം

തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ നിർദ്ദേശം ലംഘിച്ച് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിൽ കൂറ്റൻ ഫ്‌ളാക്‌സ് വെച്ച സംഭവത്തിൽ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കൾക്കെതിരെ എന്ത് നടപടിയെടുത്തെന്ന് ചോദ്യം. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പിന് തദ്ദേശ വകുപ്പ് സെക്രട്ടറി കത്ത് നൽകി. എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതിയെ അറിയിക്കാനാണ് നിർദ്ദേശം.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ട് ഉൾപ്പെടെ സെക്രട്ടേറിയറ്റിനു മുന്നിൽ വെച്ചത്. വിഷയം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നഗരസഭ ഫ്‌ലക്‌സ് മാറ്റുകയായിരുന്നു.

വിഷയത്തിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നു വലിയ വിമർശനമാണ് ഉണ്ടായത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ഉൾപ്പെടെ രണ്ടു പേരെ പ്രതി ചേർത്തു കേസെടുത്തതായാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്.

എന്നാൽ ഉദ്യോഗസ്ഥർക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്നു തദ്ദേശവകുപ്പിനോട് കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് തദ്ദേശവകുപ്പ് സെക്രട്ടറി പൊതുഭരണ സർവീസ് വിഭാഗത്തിന് നടപടി ആവശ്യപ്പെട്ട് കത്തു നൽകിയത്. സംഭവം വിവാദമായതിനു പിന്നാലെ അസോസിയേഷൻ 5,600 രൂപ നഗരസഭയിൽ പിഴ അടച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *