
ക്ലാസ്മേറ്റ്സ് സിനിമ പ്രചോദനം; ബജറ്റിൽ പുതിയ ആശയം അവതരിപ്പിക്കാൻ തയ്യാറെടുത്ത് കെ.എൻ. ബാലഗോപാൽ
കവിതയില്ലെങ്കിൽ എന്തോന്ന് ബജറ്റ്? ബജറ്റുകളിൽ കവിത കുത്തി നിറയ്ക്കുന്ന ശൈലിയുടെ ഉടമയാണ് തോമസ് ഐസക്ക്. 2021 – 22 ലെ ബജറ്റ് ഐസക്ക് അവതരിപ്പിച്ചത് കവിത ചൊല്ലിയാണ്. പാലക്കോട് കുഴൽമന്ദം ജി.എച്ച്.എസിലെ ഏഴാം ക്ലാസുകാരി കെ. സ്നേഹയുടെ കവിതയാണ് ഐസക്ക് ചൊല്ലിയത്. ബജറ്റ് അവസാനിപ്പിച്ചതും കവിതയിലൂടെ ആയിരുന്നു. ഇടുക്കി കണ്ണം പടി ജി ടി എച്ച് എസ് സ്ക്കൂളിലെ കെ.പി അമലിൻ്റെ വരികൾ ആണ് ബജറ്റ് അവസാനിപ്പിക്കാൻ ഐസക്ക് അവതരിപ്പിച്ചത്.
“മെല്ലെയെൻ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കട്ടെ ഉയരട്ടെ അതിലൊരു മനോജ്ഞമാം നവയുഗത്തിൻ്റെ പ്രഭാത ശംഖൊലി” ഇതായിരുന്നു വരികൾ. മൊത്തം 12 കവിതകൾ ഐസക്ക് 21-22 ലെ ബജറ്റിൽ ചൊല്ലി. എന്തായാലും അതോടെ ഐസക്കിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. മൽസരിക്കാൻ പിണറായി സീറ്റും പോലും കൊടുത്തില്ല എന്നത് ചരിത്രം. മുൻ ധനകാര്യ മന്ത്രിയായി ഐസക്ക് മാറി.
ഐസക്കിനെ പോലെ കവിതയുടെ അസുഖം അത്രക്ക് ബാലഗോപാലിനില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ( 2024- 25) ലെ ബജറ്റ് പ്രസംഗം ബാലഗോപാൽ അവസാനിപ്പിച്ചത് കവിത ചൊല്ലിയാണ്. ഭാരതമെന്ന പേർ കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമ്മുക്ക് ഞരമ്പുകളിൽ എന്ന വള്ളത്തോൾ കവിതയിലെ വരികളാണ് ബാലഗോപാൽ ചൊല്ലിയത്. ഫെബ്രുവരി 7 ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഏത് കവിത ചൊല്ലണമെന്ന കണ്‍ഫ്യൂഷനിൽ ആണ് ബാലഗോപാൽ.
ബജറ്റിൽ പുതിയ ആശയം
ബജറ്റിൽ പുതിയ ഒരു ആശയം അവതരിപ്പിക്കാനുള്ള കഠിനമായ പഠനത്തിലാണ് കെ.എൻ. ബാലഗോപാൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ മാത്രമാണ് ജനങ്ങൾക്ക് നേരിട്ട് സംഭാവന നൽകാൻ കഴിയുന്നത്. ജനങ്ങൾക്ക് നേരിട്ട് സംഭാവന നൽകാൻ കഴിയുന്ന ഒരു പ്ലാറ്റ് ഫോം ഉണ്ടാക്കാനാണ് ബാലഗോപാലിൻ്റെ ശ്രമം.
ക്ലാസ്മേറ്റ്സ് എന്ന ലാൽ ജോസ് സിനിമയാണ് ബാലഗോപാലിൻ്റെ പ്രചോദനം. 2006 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് ക്ലാസ് മേറ്റ്സ്. പൃഥിരാജും കാവ്യ മാധവനും നരേൻ, രാധിക എന്നിവർ അഭിനയിച്ച സിനിമ കേരളക്കര രണ്ടും കൈയും നീട്ടി സ്വീകരിച്ചിരുന്നു.സിനിമ പുറത്തിറങ്ങിയതിനുശേഷം പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ കേരളത്തിൽ അങ്ങോളം മിങ്ങോളം നടന്നു. 2006 ൽ സിനിമ ഇറങ്ങി അന്നു തുടങ്ങി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന പരിപാടിയാണ് പൂർവ്വ വിദ്യാർത്ഥി സംഗമം.നൊസ്റ്റാൾജിയക്ക് അപ്പുറം പഠിച്ച സ്കൂളിൻ്റേയും കോളേജിൻ്റേയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും മറ്റുമായി തങ്ങളാൽ കഴിയുന്ന സഹായങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ ചെയ്യുന്നു.
പഠിച്ച സ്കൂള്‍, കോളേജ് വായനശാല, വീടിനടുത്ത ആശുപത്രി, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എന്തെങ്കിലും അപര്യാപ്ത ഉണ്ടായാൽ , അതിന് സഹായം ചെയ്യണമെന്ന് തോന്നിയാൽ അവർക്ക് സർക്കാരിലേക്ക് സംഭാവന ചെയ്യാം. ഉദാഹരണത്തിന് പഠിച്ച സ്ക്കൂളിന് കമ്പ്യൂട്ടർ സംഭാവന ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സർക്കാരിലേക്ക് സംഭാവന ചെയ്യാം. ഒരു പ്ലാറ്റ് ഫോം അതിനായി തയ്യാറാക്കും.
സംഭാവന സ്വീകരിച്ച് സർക്കാർ അത് ചെയ്തു കൊടുക്കും. ഇങ്ങനെയുള്ള മഹത്തായ ആശയങ്ങൾ ബാലഗോപാലിൻ്റെ ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകും എന്നാണ് സൂചന.ഖജനാവിൽ പണം ഇല്ലാതായതോടെ ജനങ്ങളിൽ നിന്ന് സംഭാവന വാങ്ങി റോഡ് പണിയുന്ന രീതിയിൽ ഈ ആശയം പുരോഗതി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് ബാലഗോപാലിന് കിട്ടിയിരിക്കുന്ന വിദഗ്ധ ഉപദേശം.കെ.ടി. കെ മുക്കിലെ ഒരു കലുങ്ക്, എം.എം റോഡിലെ ഒരു ചാൽ എന്നിങ്ങനെ വെള്ളാനകളുടെ നാട് സിനിമയിലെ സി.പി എന്ന ലാലിൻ്റെ കഥാപാത്രം പറയുന്ന പോലെ കലുങ്കും ചാലും പണിയാൻ ജനങ്ങളോട് സംഭാവന സ്വീകരിക്കുന്ന ബാലഗോപാലിനെ സമീപ ഭാവിയിൽ കാണാൻ സാധിക്കും.