Kerala Government News

പെൻഷൻ പദ്ധതി മാറില്ല; കേരളത്തില്‍ ഏകീകൃത പെൻഷനെക്കുറിച്ച് ചിന്തയില്ല

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിലവിലെ പെൻഷൻ പദ്ധതി മാറില്ലെന്ന് ധനവകുപ്പ് വൃത്തങ്ങൾ. കേന്ദ്ര ജീവനക്കാർക്ക് ഏപ്രിൽ 1 മുതൽ ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും കേരളത്തിൽ തൽക്കാലം ഒരു മാറ്റം ഉണ്ടാകില്ല. അതിനെക്കുറിച്ചുള്ള പ്രാഥമിക ചിന്തപോലും സംസ്ഥാന സർക്കാരിനില്ലെന്നതാണ് സത്യം.

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച്, പകരം നിശ്ചിത പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അതിനുവേണ്ടി ഒരു നടപടിയും തുടങ്ങിയിട്ടില്ല. പഠനസമിതിയെ നിയോഗിച്ചെങ്കിലും ആകെ ഒരുതവണ മാത്രമാണ് സമിതിയോഗം ചേർന്നിട്ടുള്ളത്. സംസ്ഥാന സർക്കാറിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചിട്ടും കാര്യമുണ്ടായിട്ടില്ല.

സംസ്ഥാന സർക്കാർ പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണു കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ പദ്ധതിയുമായി വന്നത്. ഇതോടെ ഏതു പദ്ധതി നടപ്പാക്കണമെന്ന ആശയക്കുഴപ്പത്തിലായി ധനവകുപ്പ്. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഭരണം മാറി ബിജെപി എത്തിയതിനാൽ ഇനി പങ്കാളിത്ത പെൻഷനിലേക്കോ ഏകീകൃത പെൻഷനിലേക്കോ പോകുമെന്നാണു സൂചനകൾ. പങ്കാളിത്ത പെൻഷൻ പദ്ധതി ഫലപ്രദമായി ഉപേക്ഷിക്കാൻ സംസ്ഥാനങ്ങൾക്കു കഴിഞ്ഞിട്ടില്ലെന്നതാണ് സർക്കാർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതാണു തീരുമാനമെടുക്കാൻ കാലതാമസമുണ്ടാക്കുന്നതെന്നു ധനവകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു.

കേന്ദ്രം നടപ്പാക്കുന്ന ഏകീകൃത പെൻഷൻ പദ്ധതി സംസ്ഥാന സർക്കാരിന് അധിക സാമ്പത്തികബാധ്യതയുണ്ടാ
ക്കും. നിലവിൽ ശമ്പളത്തിന്റെ 10% തുകയാണു സംസ്ഥാന സർക്കാർ പെൻഷൻ ഫണ്ടിലേക്കു കൈമാറുന്നത്. ഇത് 14 ശതമാനമാക്കണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ സർക്കാർ നടപ്പാക്കിയിട്ടുമില്ല.

ഏകീകൃത പെൻഷൻ പദ്ധതിയിലാകട്ടെ സർക്കാർ വിഹിതം 18.5 ശതമാനമാണ്. ഇതു താങ്ങാൻ കഴിയില്ലെ ന്നാണു സർക്കാർ നിലപാട്. അടുത്തമാസം 7ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ പുതിയ പെൻഷൻ പദ്ധതി എന്നു മുതൽ നടപ്പാക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണു സംസ്ഥാനത്തെ 2 ലക്ഷത്തോളം പങ്കാളിത്ത പെൻഷൻകാരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *