CricketNewsSports

ആർച്ചറെ സഞ്ജു സാംസൺ ബഹുമാനിക്കുമോ അതോ അടിച്ച് തകർക്കുമോ? നാളെ അറിയാം

ഇംഗ്ലണ്ടുമായുള്ള ട്വൻ്റി 20 പരമ്പരയിലെ മൂന്നാം മൽസരം നാളെ രാജ്കോട്ടിൽ നടക്കും. വൈകുന്നരം 7 മണിക്കാണ് മൽസരം. അഞ്ച് മൽസരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ട് മൽസരവും ജയിച്ച് ഇന്ത്യ മുന്നിലാണ്.

അഭിഷേക് ശർമയുടെയും തിലക് വർമയുടെയും ബാറ്റിംഗ് കരുത്തിലായിരുന്നു ഇന്ത്യയുടെ ജയങ്ങൾ. ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന സഞ്ജു സാംസണിനും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും രണ്ട് മൽസരങ്ങളിലും തിളങ്ങാൻ സാധിച്ചില്ല.

ആദ്യ മൽസരത്തിൽ 20 ബോളിൽ 26 റൺസ് സഞ്ജു നേടിയപ്പോൾ രണ്ടാം മൽസരത്തിൽ വെറും 5 റൺസിന് പുറത്തായി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആകട്ടെ ആദ്യ മൽസരത്തിൽ റൺസ് ഒന്നും എടുക്കാതെ പുറത്തായി. രണ്ടാം മൽസരത്തിൽ 12 റൺസിനും പുറത്തായി. ഇരുവരും ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

2024 അവസാനത്തോടെ ട്വൻ്റി 20 ൽ 3 സെഞ്ച്വറികളാണ് സഞ്ജു അടിച്ചു കൂട്ടിയത്. ഒക്ടോബർ 12 ന് ബംഗ്ലാദേശിനെതിരെ 47 പന്തിൽ നിന്ന് 111 റൺസ് നേടിയാണ് സഞ്ജു സെഞ്ച്വറി നേടിയത്. കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു അടുത്ത സെഞ്ച്വറി . നവംബർ 8 ന് 50 ബോളിൽ 107 റൺസ് നേടി സഞ്ജു രണ്ടാം സെഞ്ച്വറി കുറിച്ചു.

തൊട്ടടുത്ത രണ്ട് മൽസരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കെതിരെ നവംബർ 10 നും 13 നും നടന്ന രണ്ട് മൽസരത്തിലും സഞ്ജുവിന് റൺസ് ഒന്നും എടുക്കാൻ കഴിഞ്ഞില്ല.

അന്ന് സഞ്ജുവിനെ തുടർച്ചയായി രണ്ട് മൽസരങ്ങളിൽ പുറത്താക്കിയത് യുവ പേസർ മാർക്കോ യാൻസൺ ആയിരുന്നു. സ്ഥിരത ഇല്ലായെന്ന വിമർശനം സഞ്ജുവിനെതിരെ ഉയർന്നു. എന്നാൽ അടുത്ത മൽസരത്തിൽ സഞ്ജു രാജകീയമായി തിരിച്ചു വന്നു. 56 ബോളിൽ 109 റൺസ് നേടിയാണ് സഞ്ജു വിമർശകർക്ക് മറുപടി പറഞ്ഞത്. കഴിഞ്ഞ രണ്ട് മൽസരത്തിൽ തന്നെ കുഴപ്പിച്ച പേസർ മാർക്കോ യാൻസണെ തന്ത്രപരമായി നേരിട്ട് മറ്റ് ബൗളർമാരെ കടന്നാക്രമിക്കുന്ന രീതിയാണ് സഞ്ജു പയറ്റിയത്. അത് വിജയം കണ്ടു.

ഇംഗ്ലണ്ടിനെതിരെയുള്ള കഴിഞ്ഞ 2 മൽസരത്തിലും സഞ്ജുവിനെ പുറത്താക്കിയത് പേസർ ആർച്ചർ ആയിരുന്നു. സഞ്ജുവിൻ്റെ ശരീരം ലക്ഷ്യമിട്ടുള്ള ഷോർട്ട് ബോളുകളാണ് ആർച്ചർ പരീക്ഷിക്കുന്നത്. ഇടക്ക് ഓഫ് സ്റ്റമ്പിന് പുറത്ത് വേഗത കുറഞ്ഞ ഷോർട്ട് പിച്ച് ബോളുകളും ആർച്ചർ സഞ്ജുവിനെതിരെ പരീക്ഷിക്കുന്നു. രണ്ട് മൽസരത്തിലും സഞ്ജുവിനെ ആശയ കുഴപ്പത്തിലാക്കുന്നതിൽ ആർച്ചർ വിജയിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരെ പേസർ മാർക്കോ യാൻസണെ നേരിട്ട തന്ത്രമായിരിക്കും സഞ്ജു നാളെ സ്വീകരിക്കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ. ആർച്ചറെ ഒഴിവാക്കി മറ്റ് ബൗളർമാരെ കൈകാര്യം ചെയ്യുന്ന തന്ത്രമാകുമോ സഞ്ജു സ്വീകരിക്കുക? അതോ ആർച്ചറെ ബഹുമാനിക്കാതെ അടിച്ചു തകർക്കുന്ന തന്ത്രമാണോ സഞ്ജു പയറ്റുന്നത് എന്ന് കണ്ടറിയണം.

ഏതായാലും രണ്ട് കളിയിൽ സ്കോർ ചെയ്യാതെ മൂന്നാം മൽസരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ച്വറി നേടിയ പ്രകടനം ഇംഗ്ലണ്ടിനെതിരെയും സഞ്ജു ആവർത്തിക്കും എന്നാണ് ആരാധക പ്രതീക്ഷ.സഞ്ജുവും സൂര്യകുമാർ യാദവും ഫോമിലെത്തിയാൽ ഇന്ത്യക്ക് വിയർക്കാതെ ജയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *