News

നരഭോജി കടുവയുടെ പോസ്റ്റുമോർട്ടം കഴിഞ്ഞു; രാധയുടെ മുടി, കമ്മൽ എന്നിവ കടുവയുടെ വയറ്റിൽനിന്ന് കണ്ടെത്തി

വയനാട്: നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർത്തിയായി. കഴുത്തിലേറ്റ നാല് മുറിവുകളാണ് മരണകാരണം. മുമ്പ് എവിടെയും കണ്ടതായി സ്ഥിരീകരിക്കാത്ത കടുവയാണ് ഇത്. കൊല്ലപ്പെട്ട രാധയുടെ മുടി, വസ്ത്ര അവശിഷ്ടങ്ങൾ, കമ്മൽ എന്നിവ കടുവയുടെ വയറ്റിൽനിന്ന് കണ്ടെത്തി.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കടുവ ചത്തത്. ഇന്നലെ ആർആർടി സംഘത്തെ ആക്രമിച്ച ശേഷം കടുവ കാട് കയറിയിരുന്നു. അവിടെവെച്ച് മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലിലാണ് കഴുത്തിന് പരിക്കേറ്റത് എന്നാണ് സൂചന.

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ ഈ മാസം 24നാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാൻ പോയപ്പോഴായിരുന്നു രാധയെ കടുവ ആക്രമിച്ചത്. മാവോയിസ്റ്റ് പരിശോധനക്കെത്തിയ തണ്ടർബോൾട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു.

നാല് മുറിവുകളാണ് കഴുത്തിൽ ഉണ്ടായിരുന്നത്. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ഞായറാഴ്ചയാണ് ഈ മുറിവുകൾ സംഭവിച്ചിരിക്കുന്നത്. പഴക്കമേറിയ മറ്റ് ചില മുറിവുകളും കടുവയുടെ ശരീരത്തിൽ ഉണ്ടായിരുന്നു.

മെറ്റാലിക് ഭാഗങ്ങളൊന്നും കടുവയുടെ വയറ്റിൽനിന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മുടിയും ഇവർ ധരിച്ചിരുന്ന കമ്മലും വസ്ത്രത്തിൻറെ അവശിഷ്ടങ്ങളും കടുവയുടെ വയറ്റിൽ നിന്ന് കണ്ടെത്തി. പോസ്റ്റ്മോർട്ടം പൂർത്തിയായതോടെ കടുവയുടെ ജഡം കത്തിച്ച് കളയും.

Leave a Reply

Your email address will not be published. Required fields are marked *