Kerala Government News

ജീവനക്കാരുടെ മെഡിക്കൽ റീ-ഇമ്പേഴ്സ്മെൻ്റ് ഫയലുകൾ സെക്രട്ടറിയേറ്റിൽ ഉറക്കത്തിൽ; കെട്ടി കിടക്കുന്നത് 1168 അപേക്ഷകൾ

സർക്കാർ ജീവനക്കാരുടേയും ആശ്രിതരുടേയും മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് ഫയലുകൾ തീരുമാനം ആകാതെ സെക്രട്ടറിയേറ്റിൽ ഉറക്കത്തിൽ. സെക്രട്ടറിയേറ്റിലെ ആരോഗ്യ കുടുംബ ക്ഷേമ (ജി) വകുപ്പാണ് മെഡിക്കൽ റീ ഇമ്പേഴ്സുമെൻ്റുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നത്.

2024 ഡിസംബർ വരെ 895 മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് ഫയലുകളാണ് സെക്രട്ടറിയേറ്റിൽ ആരോഗ്യ വകുപ്പിൽ കെട്ടി കിടക്കുന്നത്. ഫയലുകൾ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലായി പരിഗണനയിൽ ഉണ്ടെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ മറുപടി നൽകിയത്.

ആരോഗ്യ ഡയറക്ടറുടെ കാര്യാലയത്തിൽ 2024 ഡിസംബർ മാസം വരെ 273 അപേക്ഷകൾ കെട്ടി കിടക്കുന്നു. സെക്രട്ടറിയേറ്റിലും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫിസിലും ആയി 1168 അപേക്ഷകൾ ആണ് കെട്ടി കിടക്കുന്നത്.

മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് അപേക്ഷകളിൽ പ്രത്യേകാനുമതി / 1960 ലെ KGSMA ചട്ടങ്ങൾ പ്രകാരമുള്ള സ്പഷ്ടീകരണം ആവശ്യമുള്ള ഫയലുകളാണ് വിവിധ വകുപ്പുകൾ ആരോഗ്യ വകുപ്പിലേക്ക് അയക്കുന്നത്.

മെഡിക്കൽ റീ ഇമ്പേഴ്സ് മെൻ്റ് ഫയലുകൾ ഓൺലൈനായി കൈകാര്യം ചെയ്യാത്തതാണ് ഫയലുകൾ കെട്ടി കിടക്കുന്നതിൻ്റെ പ്രധാന കാരണം. ഓൺലൈൻ ആയി അപേക്ഷകൾ കൈകാര്യം ചെയ്യുന്ന വിഷയം പരിശോധിച്ചു വരികയാണെന്നാണ് വീണ ജോർജ് ഇത് സംബന്ധിച്ച് മറുപടി നൽകിയിരിക്കുന്നത്.

സർക്കാർ/ സർക്കാർ അംഗീകൃത പ്രൈവറ്റ് ആശുപത്രികളിലെ ഒ. പി ചികിൽസ , മെഡിസെപ്പിൻ്റെ പരിധിയിൽപ്പെടാത്ത ആയുർവേദ, ഹോമിയോപ്പതി ചികിൽസകൾ, സർക്കാർ ആശുപത്രികളിലും KGSMA ചട്ടങ്ങൾ പ്രകാരം എം പാനൽ ചെയ്തിട്ടുള്ള സർക്കാരിതര ആശുപത്രികളിലും KGSMA ചട്ടങ്ങൾ പ്രകാരം അനുവദിനയമായതും എന്നാൽ മെഡിസെപ്പിലെ ചികിൽസ പാക്കേജുകളിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ കിടത്തി ചികിൽസകൾ, KGSMA ചട്ട പ്രകാരം എം പാനൽ ചെയ്തിട്ടുള്ളതും എന്നാൽ മെഡിസെപ്പിൽ ചേർന്നിട്ടില്ലാത്തതുമായ ആശുപത്രികളിൽ 22 – 11 -24 മുൻപ് വരെ നടത്തിയ KGSMA ചട്ട പ്രകാരം അനുവദനിയമായ കിടത്തി ചികിൽസകൾ എന്നിവയ്ക്ക് 22-11. 24 ലെ സർക്കാർ ഉത്തരവ് (പി) 100/2024/ ധന ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി KSGMA പ്രകാരമുള്ള മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് അപേക്ഷകളാണ് ആരോഗ്യ വകുപ്പിൽ സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *