നരഭോജി കടുവ ചത്തു; പഞ്ചാരക്കൊല്ലിയിൽ ഭീതിക്ക് വിരാമം

man eater tiger wayanad

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ രാധയെ കൊന്ന നരഭോജി കടുവ ചത്ത നിലയിൽ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശ്വാസത്തിലായി. ദിവസങ്ങളോളം ഭീതിയിലായിരുന്ന നാട്ടുകാർക്കാണ് ഇന്ന് പുലർച്ചയോടെ കടുവ ചത്ത വാർത്ത തേടിയെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. തന്റെ തോട്ടത്തിൽ കാപ്പി പറിക്കുകയായിരുന്ന രാധയെ കടുവ അക്രമിച്ചു. തുടർന്ന് ഉൾക്കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയി ഭക്ഷിക്കുകയായിരുന്നു. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. രാധയുടെ മരണത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.

കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്.

2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.നാട്ടുകാർ കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടു. വനം വകുപ്പ് നരഭോജി കടുവയെ തിരിച്ചറിഞ്ഞ് വ്യാപകമായ തിരച്ചിൽ നടത്തി. തിരച്ചിലിനിടെ ഒരു വനപാലകനും കടുവയുടെ ആക്രമണത്തിന് ഇരയായിരുന്നു.

38 ക്യാമകളിനും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയിൽ ആയ കടുവയെ കാൽപ്പാടുകൾ കണ്ടാണ് പിന്തുടർന്നത്. കഴുത്തിൻ്റെ ഭാഗത്ത് ആഴത്തിലുള്ള പരുക്കുണ്ട്. കടുവയുടെ ദേഹത്തുളള ചില മുറിവുകൾ പഴക്കമുള്ളതാണ്. കടുവയെ പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി കുപ്പാടി വൈൽഡ് ലൈഫ് വെറ്റിറിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി.

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments