തിരുവനന്തപുരം: സ്‌കോളർഷിപ്പിന് പോലും പണം അനുവദിക്കാതെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പാണ് ധനപ്രതിസന്ധിയിൽ നിലച്ചിരിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമത്തിന്റെ മന്ത്രിയായ വി അബ്ദുറഹിമാനാകട്ടെ ഇതൊന്നും ശ്രദ്ധിക്കാൻ സമയവുമില്ല. മെസിയെ കേരളത്തിൽ കൊണ്ടുവരാനുള്ള ഓട്ടപാച്ചിലിലാണ് മന്ത്രി അബ്ദുറഹിമാൻ. അതിനിടയിൽ സ്‌കോളർഷിപ്പിന് ബാലഗോപാലിനെ കൊണ്ട് പണം അനുവദിപ്പിക്കാൻ അബ്ദുറഹിമാന് എവിടെ സമയം.
മന്ത്രിക്ക് സമയം ഇല്ലെങ്കിൽ ഡയറക്ടർ ഇല്ലേയെന്ന് ചോദിക്കരുത്! രേണു രാജ് ഐഎഎസ് ആണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ. ഭർത്താവ് ശ്രീറാം വെങ്കിട്ടരാമൻ ആണെങ്കിൽ ധനവകുപ്പിൽ ബാലഗോപാലിനെ ഉപദേശിക്കുന്ന പ്രധാനികളിൽ ഒരാൾ. ഭാര്യയുടെ വകുപ്പിലെ സ്‌കോളർഷിപ്പിനും പോലും ധനവകുപ്പിൽ നിന്ന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന കാര്യം ശ്രീറാം അറിഞ്ഞ ലക്ഷണവും ഇല്ല.
87.63 കോടി ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രറ്റിന് 2024-25 ലെ പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. സാമ്പത്തിക വർഷം തീരാൻ 2 മാസം മാത്രം ഉള്ളപ്പോൾ വകയിരുത്തിയ തുകയിൽ ചെലവാക്കിയത് 1.39 ശതമാനം മാത്രമാണെന്ന് സംസ്ഥാന പ്ലാനിംഗ് ബോർഡ് കണക്കുകൾ പറയുന്നു. ഇത്രയും ദയനീയ പ്രകടനം കാഴ്ച വച്ച മറ്റൊരു വകുപ്പ് ഇല്ല. സി.എ/ഐസിഡബ്‌ള്യുഎ കോഴ്‌സ് ചെയ്യുന്നവർക്ക് 97 ലക്ഷം സ്‌കോളർഷിപ്പിന് വകയിരുത്തിയിട്ട് ഒരു രൂപ പോലും കൊടുത്തിട്ടില്ല.
3 വർഷത്തെ ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പിന് വകയിരുത്തിയത് 82 ലക്ഷം. ഒരു രൂപയും ഇതുവരെ കൊടുത്തില്ല. ടാലന്റഡ് ആയിട്ടുള്ള ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് 7.14 കോടി സ്‌കോളർഷിപ്പിന് വകയിരുത്തിയിട്ടുണ്ട്. വകയിരുത്തൽ അല്ലാതെ ഒരു രൂപ പോലും ഇതുവരെ കൊടുത്തില്ല.
കരിയർ ഗൈഡൻസിന് 1.20 കോടി, സ്‌കിൽ ട്രെയിനിംഗിന് 5.82 കോടി, പ്രീ മെട്രിക് സ്‌കോളർഷിപ്പിന് 20 കോടി, നേഴ്‌സിംഗ് പാരാ മെഡിക്കൽ കോഴ്‌സ് ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പിന് 68 ലക്ഷം എന്നിങ്ങനെ വകയിരുത്തലുകൾ ഉണ്ടെങ്കിലും ഒരു രൂപ പോലും ഇതിനൊന്നും ഇതുവരെ കൊടുത്തിട്ടില്ല.
രേണുരാജും മന്ത്രിയും അവരുടെ ശമ്പളവും ടി.എയും മെഡിക്കൽ അലവൻസുകളും എല്ലാം കൃത്യമായി വാങ്ങിക്കുന്നുണ്ടെങ്കിലും അവരുടെ ജോലിയിൽ ഗുരുതര വീഴ്ച ഉണ്ടായി എന്ന് ഈ കണക്കുകളിൽ നിന്ന് വ്യക്തം.