മോഹൻലാല്‍ ചിത്രം എമ്പുരാന്റെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. ടീസർ അവതരിപ്പിച്ചശേഷം ചിത്രത്തേക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മൾ കണ്ടിട്ടുള്ളതിൽവെച്ചേറ്റവും വലിയ ചെറിയ പടം ഇതാണ്. എല്ലാ വിജയങ്ങളും നേരുന്നു. ഇത് മലയാള സിനിമയുടെ വിജയമാകട്ടെ. നമുക്കെല്ലാവർക്കും അതിന്റെ ഭാഗമാവാൻ സാധിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.ആക്ഷനും മാസിനും കുറവില്ലാതെയാകും ലുസിഫറിന്റെ രണ്ടാം വരവ് എന്നത് എമ്ബുരാൻ ടീസർ ഉറപ്പ് നല്‍കുന്നുണ്ട്.
ലൂസിഫറിലെ മോഹൻലാലിൻ്റെ മാസ് ഡയലോഗുകൾ ടീസറിൽ ഇടം പിടിച്ചിട്ടുണ്ട്. ദിസ് ഡീൽ വിത്ത് എ ഡെവിൾ, യുദ്ധം നൻമയും തിൻമയും തമ്മിൽ അല്ല തിൻമയും തിൻമയും തമ്മിലാണ് എന്നീ മാസ് ഡയലോഗുകൾ എല്ലാം ടീസറിലുണ്ട്.മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. 2019 ആണ് എമ്പുരാൻ പ്രഖ്യാപിച്ചത്. 2023 ഒക്ടോബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.യുകെ, യുഎസ്, റഷ്യ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.