CinemaNews

ടൊവിനോ തോമസിൻ്റെ ഐഡന്‍റിറ്റി ഒടിടി റിലീസ് പ്രഖ്യാപിച്ചു

ടൊവിനോ തോമസിൻ്റെ ഐഡന്‍റിറ്റി ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഫോറെന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളിനും അനസ് ഖാനുമൊപ്പം ടൊവിനോ എത്തുന്ന ചിത്രമാണ് ഐഡന്‍റിറ്റി.

ഈ വര്‍ഷത്തെ ആദ്യത്തെ പ്രധാന റിലീസുകളില്‍ ഒന്നായി ജനുവരി 2 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിം​ഗിന് എത്തുക. ജനുവരി 31 ന് ചിത്രം ഒടിടിയിലെ പ്രദര്‍ശനം ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാവും.

ഒരു കൊലയാളിയെ തിരിച്ചറിയാനുള്ള പുറപ്പാടുകളാണ് സിനിമയുടെ ആദ്യപകുതി. പക്ഷേ, വല്ലാത്തൊരു അനിശ്ചിതത്വത്തോടെയാണ് അത് അവസാനിക്കുക. ഒരു പോലീസ് ഓഫീസറും സ്കെച്ച് ആർട്ടിസ്റ്റും ദൃക്സാക്ഷിയും ചേർന്ന് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർപോലെ തോന്നിപ്പിച്ച്, രണ്ടാംപകുതിയിൽ ഒട്ടും പ്രതീക്ഷിക്കാത്തൊരു സഞ്ചാര പാത സ്വീകരിക്കുകയാണ് സിനിമ. വളരെ ശാന്തനായ സ്കെച്ച് ആർട്ടിസ്റ്റായി വന്ന് ടൊവിനോ നടത്തുന്ന അഴിഞ്ഞാട്ടങ്ങൾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കും. പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ വിനയ് റായിയും ദൃക്സാക്ഷിയായെത്തിയ തൃഷയും കഥാപാത്രങ്ങളെ അതിമനോഹരമാക്കി.

തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രവുമാണിത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ലിയോയ്ക്ക് ശേഷം തൃഷയും ഗാണ്ഡീവധാരി അർജുന, ഹനുമാൻ എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം വിനയ് റായ്‍യും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.

Leave a Reply

Your email address will not be published. Required fields are marked *