KeralaNewsPolitics

വയസ് 80 കഴിയും: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് വിട ചൊല്ലാൻ പിണറായിയും ശശീന്ദ്രനും

പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങാൻ പിണറായി ഒരുങ്ങുന്നു. പിണറായി വിജയൻ 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഈ വർഷം 80 വയസ് തികയുന്ന മുഖ്യമന്ത്രിയെ പ്രായവും അനാരോഗ്യവും അലട്ടുന്നു. മൽസരിക്കാൻ ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് പിണറായി നേതൃത്വം നൽകും.

82ാം വയസിൽ ആണ് വി.എസ് അച്യുതാനന്ദൻ കേരള മുഖ്യമന്ത്രി ആകുന്നത്. അതുകൊണ്ട് തന്നെ പിണറായിക്ക് ഇനിയും രാഷ്ട്രിയ ബാല്യം ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് സി പി എമ്മിൽ ഭൂരിഭാഗവും. മൽസരിക്കാനില്ല എന്ന തീരുമാനം പിണറായി എടുത്തു കഴിഞ്ഞു എന്നാണ് സൂചന.

തുടർ ഭരണം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കാത്തതിൻ്റെ നിരാശയും പിണറായിയെ പിടികൂടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഓരോ ദിവസവും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. അഗാധമായ ഗർത്തത്തിലേക്കാണ് സർക്കാരിൻ്റെ ധനകാര്യ മാനേജ്മെൻ്റിൻ്റെ പോക്ക്.

2016 ൽ മുഖ്യമന്ത്രിയായ പിണറായി 2021 ൽ തുടർഭരണം നേടി ചരിത്രം രചിച്ചു. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രഗൽഭരായ മന്ത്രിമാർ പിണറായിക്ക് ഒപ്പം ഉണ്ടായിരുന്നത് തുടർഭരണം പിടിക്കാനുള്ള കരുത്തായി. എന്നാൽ രണ്ടാം ഭരണത്തിൽ പ്രഗൽഭരെ ഒഴിവാക്കി രണ്ടാം നിരയെ ആണ് പിണറായി മന്ത്രിയാക്കിയത്.

ആദ്യമായി ജയിച്ച മരുമകൻ കൂടിയായ മുഹമ്മദ് റിയാസിനെ ടൂറിസം മരാമത്ത് മന്ത്രിയാക്കി പിണറായി പ്രതിഷ്ടിച്ചത് വിമർശനത്തിനും കാരണമായി. ജി. സുധാകരൻ ഭരിച്ച മരാമത്ത് വകുപ്പിൽ ദയനിയ പ്രകടനമാണ് മരുമകൻ മന്ത്രി കാഴ്ച വയ്ക്കുന്നത്.

ശൈലജക്ക് പകരം വന്ന വീണയും ഐസക്കിന് പകരം വന്ന ബാലഗോപാലും വമ്പൻ ഫ്ളോപ്പ് ആയതോടെ സർക്കാരിൻ്റെ പതനം പൂർത്തിയായി. മകളുടെ മാസപ്പടി കേസ് പിണറായിയെ വല്ലാതെ ഉലച്ചു. ഒപ്പം അനാരോഗ്യവും അലട്ടി.

ഉയിർത്തെഴുന്നേൽപ്പിന് ശ്രമിച്ച നവകേരള സദസും പൊളിഞ്ഞു പാളിസായി . പിണറായിക്ക് പകരം ആര് എന്ന ചോദ്യമാണ് ഉയരുന്നത്. മരുമകൻ റിയാസിനെ മുന്നിൽ നിറുത്താനാണ് പിണറായിക്ക് താൽപര്യം.

അനാരോഗ്യം അലട്ടുന്ന വനം മന്ത്രി എ.കെ. ശശീന്ദ്രനും അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. 2026 ജനുവരിയിൽ ശശീന്ദ്രന് വയസ് 80 കഴിയും. ശശീന്ദ്രൻ കയ്യാളുന്ന വനം വകുപ്പ് രണ്ടാം പിണറായി സർക്കാരിൻ്റെ ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്ന വകുപ്പുകളിൽ പ്രധാനപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *