നവീൻ ബാബുവിന്റെ മരണം, പോസ്റ്റ്‌മോർട്ടം, ഇൻക്വസ്റ്റ്, പ്രശാന്തന്റെ പരാതി, കൈക്കൂലി ആരോപണം; നിയമസഭ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട നിയമസഭ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ ഇപ്പോൾ ഒരു പ്രാഥമിക അന്വേഷണം നടന്ന് വരികയാണെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് എന്നത്തേക്ക് സമർപ്പിക്കും എന്ന ചോദ്യത്തിനും അതേ മറുപടിയാണ് നൽകിയിരിക്കുന്നത്.
പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തൻ നവീൻ ബാബുവിനെതിരെ അഴിമതി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയോ എന്ന നിയമസഭ ചോദ്യത്തിനാകട്ടെ മുഖ്യമന്ത്രി മറുപടി നൽകിയതും ഇല്ല. ബന്ധുക്കളുടെ സാന്നിദ്ധ്യം ഇല്ലാതെ തിടുക്കപ്പെട്ട് നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് നടപടികൾ നടത്തിയ സാഹചര്യം സംബന്ധിച്ച ചോദ്യത്തിന് തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഇൻക്വസ്റ്റ് റിപ്പോർട്ട് ലഭ്യമാക്കുമോ എന്ന സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് അന്വേഷണാവസ്ഥയിലുള്ള കേസിൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം നടത്തരുതെന്ന് നവീൻ ബാബുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും പ്രസ്തുത ആശുപത്രിയിൽ തന്നെ പോസ്റ്റ് മോർട്ടം നടത്താൻ ഇടയായ സാഹചര്യം വ്യക്തമാക്കാമോ എന്ന ചോദ്യത്തിന് പോസ്റ്റ്‌മോർട്ടത്തിന് മുൻപ് ബന്ധുക്കൾ പോലീസിനോട് അങ്ങനൊരു ആവശ്യം ഉന്നയിച്ചിരുന്നില്ല എന്ന വിചിത്ര മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
അന്വേഷണ ഘട്ടത്തിലുള്ള കേസിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ ഇതു സംബന്ധിച്ച നിഗമനങ്ങൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടാത്തതിന്റെ കാരണം അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് വിശദമായ അന്വേഷണം നടത്തി വരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ കുടുംബം സമീപിച്ചെങ്കിലും സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തിരുന്നു. നവീൻ ബാബു കേസിലെ പ്രതി പി.പി ദിവ്യ ഇന്നലെ മുഖ്യമന്ത്രിയെ പുകഴ്ത്തി ഇട്ട പോസ്റ്റ് വലിയ ചർച്ചയായി മാറിയിരുന്നു.