Kerala Government News

സേവനാവകാശ നിയമം: ശിക്ഷാ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ സേവനവകാശ നിയമം പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. (Kerala state right to service act)

സേവനാവകാശ നിയമപ്രകാരം ശിക്ഷാ നടപടികൾക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും ഓഫിസും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സേവനാവകാശ നിയമം സംബന്ധിച്ച എൻ.എ. നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം മുഖ്യമന്ത്രി നൽകിയ മറുപടിയാണിത്.

പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുന്നതിന് വേണ്ടി 2012 ൽ ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയതാണ് സേവനാവകാശ നിയമം. 2012 നവംബർ 1 മുതൽ നിയമം പ്രാബല്യത്തിൽ ഉണ്ട്. നിയമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റിയത് സംബന്ധിച്ച് പ്രത്യേകമായി വിലയിരുത്തിയിട്ടില്ലെന്നും നിയമം കാലോചിതമായി പരിഷ്‌കരിക്കുന്നത് പരിശോധിച്ചു വരുന്നുവെന്നും വ്യക്തമാക്കി.

സേവനാവകാശ നിയമത്തിന്റെ സെക്ഷൻ 4 പ്രകാരം വിജ്ഞാപനം ചെയ്യപ്പെട്ട സേവനങ്ങൾ നിശ്ചിതസമയ പരിധിക്കുള്ളിൽ ലഭിക്കുന്നതിന് അർഹതയുള്ള ആൾക്ക് അവകാശം ഉണ്ടായിരിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭിച്ചില്ലായെങ്കിൽ അപ്പീൽ അധികാരി മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാം.

മതിയായതും യുക്തിസഹവുമായ കാരണമില്ലാതെ സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയാൽ, രണ്ടാം അപ്പീൽ അധികാരിക്ക് രേഖാമൂലമുള്ള ഒരു ഉത്തരവ് വഴി കാരണങ്ങൾ വിവരിച്ചു കൊണ്ട് നിയുക്ത ഉദ്യോഗസ്ഥന് മേൽ 500 രൂപയിൽ കുറയാത്തതും 5000 രൂപയിൽ കവിയാത്തതുമായ ഒരു പിഴ ചുമത്താം.

ഈ ആക്റ്റ് പ്രകാരമുള്ള ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതായി രണ്ടാം അപ്പീൽ അധികാരിക്ക് ബോധ്യപ്പെടുന്ന പക്ഷം നിയുക്ത ഉദ്യോഗസ്ഥനും ഒന്നാം അപ്പീൽ അധികാരിക്കും എതിരെ ബാധകമായ സർവീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *