സംസ്ഥാനം വായ്പ എടുക്കുന്നതിൻ്റെ ഭൂരിഭാഗവും നൽകുന്നത് പലിശ കൊടുക്കാനോ? കേരളം വായ്പ എടുത്തതിൻ്റെ 98.52 ശതമാനവും പലിശ കൊടുക്കാൻ വിനിയോഗിച്ചു എന്നാണ് സി & എജി കണ്ടെത്തൽ.
2022- 23 സാമ്പത്തിക വർഷം 25,554 . 34 കോടിയാണ് വായ്പ എടുത്തത്. പലിശ കൊടുത്തത് ആകട്ടെ 25176. 36 കോടിയും. വായ്പയിൽ പിന്നെ മിച്ചമുള്ളത് 378.18 കോടി മാത്രം. വായ്പ എടുക്കുന്നത് വികസന പ്രവർത്തനങ്ങൾ നടത്താൻ വേണ്ടിയാണെന്ന വായ്ത്താരി കളവാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തം.
ധന കമ്മിയിൽ നിന്ന് പലിശ നൽകൽ കുറച്ചാൽ പ്രാഥമിക കമ്മി ലഭിക്കും. 2022- 23 ലെ പ്രാഥമിക കമ്മി 378 . 18 കോടി എന്നത് കേരളത്തിൻ്റെ സാമ്പത്തിക ദുരന്തത്തിൻ്റെ വ്യാപ്തിയാണ് കാണിക്കുന്നത്.
ധനകാര്യ മന്ത്രിയായിരുന്നു തോമസ് ഐസക്ക് എവിടുന്ന് പണം കിട്ടിയാലും കടം മേടിച്ച് മുന്നോട്ട് പോകുക എന്ന ശൈലിയുടെ വക്താവ് ആയിരുന്നു. പലിശ ഒന്നും ഐസക്കിന് വിഷയമല്ല. കൊള്ള പലിശ ആണെങ്കിലും ഐസക്ക് കടം വാങ്ങും. കിഫ്ബി മസാല ബോണ്ട് ഐസക്കിൻ്റെ കാലത്ത് സമാഹരിച്ചത് 9 .723 ശതമാനം കൊള്ള പലിശ കൊടുത്തായിരുന്നു.
ഐസക്കിൻ്റെ കാലത്ത് വാങ്ങിച്ച വായ്പയുടെ പലിശ അടയ്ക്കേണ്ട ജോലി കെ.എൻ. ബാലഗോപാലിൻ്റെ തലയിൽ ആയി. അനുഭവിക്കുന്നത് ജനങ്ങളും.
എല്ലാ രംഗത്തും കുടിശികയാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും 1 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങൾ കൊടുക്കാനുണ്ട്. ക്ഷേമ പെൻഷൻ കാർക്ക് 2700 കോടി രൂപ കൊടുക്കാനുണ്ട്. ക്ഷേമ പെൻഷൻ നൽകുന്ന പെൻഷൻ കമ്പനിക്ക് സർക്കാർ കൊടുക്കാൻ ഉള്ളത് 15000 കോടിയാണ്.
വായ്പ എടുക്കുന്നതിൻ്റെ 98.52 ശതമാനവും പലിശ കൊടുത്താൻ സർക്കാരിന് എങ്ങനെ മുന്നോട്ട് പോകാൻ സാധിക്കൂ. ഐസക്കിൻ്റെ പാതയിൽ തന്നെയാണ് ബാലഗോപാലും മുന്നോട്ട് പോകുന്നത്. കിട്ടുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിക്കും. അതിനോടൊപ്പം കൊടുക്കേണ്ട ആനുകൂല്യങ്ങൾ തടഞ്ഞ് വയ്ക്കും. സാമ്പത്തിക ദുരന്തത്തിൽ നിന്ന് അടുത്തെങ്ങും കേരളം കരകയറില്ല എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. കുടിശിക ഉണ്ടായില്ലെങ്കില്ലേ അൽഭുതപ്പെടാനുള്ളു.