
തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയതിനു പിന്നാലെ, അദ്ദേഹത്തിന്റെ സ്ക്രീൻ പങ്കാളിയായ നടി തൃഷ കൃഷ്ണനും ഇതേ പാത പിന്തുടരുമെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. സിനിമയിൽ നിന്ന് വിടവാങ്ങി രാഷ്ട്രീയത്തിലേക്ക് തിരിയാനുള്ള തൃഷയുടെ തീരുമാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്യുകയാണ്.
തമിഴ് സിനിമ നിരൂപകനായ വി.പി അന്തനന്റെ പരാമർശമാണ് ഈ ചർച്ചകൾക്ക് ഊർജം പകർന്നത്. തൃഷ തന്റെ അമ്മയോട് ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും ഇരുവരുടെയും ഇടയിൽ ഇതിനെക്കുറിച്ച് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടത്. സിനിമ പൂർണമായും ഉപേക്ഷിക്കുന്നതിനോട് തൃഷയുടെ അമ്മ എതിർപ്പു പ്രകടിപ്പിച്ചുവെന്നും വാർത്തകളുണ്ട്.
വിജയ്‌യും തൃഷയും അടുത്ത സുഹൃത്തുക്കളാണെന്ന വാർത്തകൾ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്. അടുത്തിടെ, കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയത് വലിയ ചർച്ചയായിരുന്നു. പ്രൈവറ്റ് ജെറ്റിൽ ഒന്നിച്ചിറങ്ങിയ ഇവരുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ, ‘ജസ്റ്റിസ് ഫോർ സംഗീത’ എന്ന ഹാഷ്ടാഗും വ്യാപകമായി. ഇത് വിജയ്-തൃഷ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടി.
വിജയ് തന്റെ പുതിയ സിനിമ ‘ഗോട്ടി’ൽ ഒരു ഡാൻസ് നമ്പറിൽ തൃഷയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഗില്ലി’യിലെ ഒരു ഐക്കണിക് ഡാൻസ് സീനിന്റെ ആവർത്തനമായിരുന്നു ഇത്. വിജയ്-തൃഷ കോമ്പോയുടെ ഏറ്റവും അവസാന ചിത്രമായ ‘ലിയോ’യുടെ റിലീസിന് ശേഷം തൃഷ വിജയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്ന പോസ്റ്റും വലിയ ചർച്ചയായിരുന്നു.