മാനന്തവാടിയിൽ യുവതിയെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവായെന്ന് മന്ത്രി ഒ. ആർ. കേളു. നരഭോജി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കടുവയെ കൊല്ലാൻ തീരുമാനിച്ചത്. കടുവയെ വെടി വച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒ.ആർ. കേളുവിനെ നാട്ടുകാർ വളയുന്ന സാഹചര്യവുമുണ്ടായി.
കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാൻ ഉത്തരവ് നൽകിയെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കും.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റീംഗ് പ്രൊസീജിയര്‍ (SOP) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടും .
ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം കടുവ നരഭോജിയാണെന്ന് ഉറപ്പുവരുത്തി വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്. അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കര്‍ണ്ണാകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെ 11 മണിക്ക് കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു രാധയെ കടുവ ആക്രമിച്ചത്. കഴുത്തില്‍ പിടിമുറുക്കിയ കടുവ ഇവരെ 100 മീറ്ററോളം വലിച്ചിഴച്ചു. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു.
മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കള്‍.