പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിൻ്റെ മന്ത്രിമന്ദിരത്തിൻ്റെ നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ എസെൻ ഡെയ്ൻ ബംഗ്ലാവ് 86.1 ലക്ഷം രൂപയ്ക്ക് നവീകരിക്കാൻ 2024 നവംബർ 11 ന് സർക്കാർ ഭരണാനുമതി നൽകിയിരുന്നു.
നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 2 ടെണ്ടറുകൾ പൊതുമരാമത്ത് വകുപ്പ് ക്ഷണിച്ചിരുന്നു. 40.48 ലക്ഷത്തിൻ്റേയും 53.89 ലക്ഷത്തിൻ്റേയും ടെണ്ടറുകളാണ് മരാമത്ത് വകുപ്പ് ക്ഷണിച്ചത്.
40.48 ലക്ഷത്തിൻ്റെ ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 22 ന് ആയിരുന്നു. 53.89 ലക്ഷത്തിൻ്റെ ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 23 ആയിരുന്നു. 2 ടെണ്ടറുകളിലായി 94.37 ലക്ഷത്തിൻ്റെ പ്രവൃത്തികളാണ് നടക്കുന്നത്. പണി പൂർത്തിയാകുമ്പോൾ നവീകരണ ചെലവ് 1 കോടി കവിയും. 86.1 ലക്ഷത്തിന് പുറമെ ചെലവാകുന്ന തുകക്ക് പ്രത്യേക ഭരണാനുമതി ഉത്തരവ് ഇറക്കും.
പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് നവീകരണ തുക നിശ്ചയിച്ചിരിക്കുന്നത്. എസ്റ്റിമേറ്റിൽ നിർമാണത്തൊഴിലാളികൾക്കുള്ള വേതനം കൂടുതലാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഫർണിച്ചറുകൾ ആഞ്ഞിലിയും സെക്കന്റ് ക്ലാസ് തേക്കും ഉപയോഗിക്കണമെന്നും ഇക്കാര്യം ഉപയോഗത്തിന് മുമ്പ് പരിശോധിച്ചുറപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പെയിന്റിങിന്റെ കാര്യത്തിലും ഗുണമേൻമ ഉറപ്പാക്കണമെന്നും കൂട്ടിച്ചേർത്താണ് കെ. ബിജു ഐഎഎസ് ഉത്തരിവിറക്കിയത്.