പഞ്ചാരകൊല്ലിയിൽ കടുവ യുവതിയെ കൊന്നതിൽ കനത്ത പ്രതിഷേധവുമായി നാട്ടുകാർ. അനുനയത്തിന് എത്തിയ മന്ത്രി ഒ.ആർ കേളുവിനെതിരെ ജനങ്ങൾ തിരിഞ്ഞതോടെ പോലിസ് ഉദ്യോഗസ്ഥർ ഇടപെട്ട് മന്ത്രിയെ സ്ഥലത്ത് നിന്നും മാറ്റി.
ഇന്നു രാവിലെ 11 മണിയോടെയാണ് കാപ്പി പറിക്കാൻ പോയ ആദിവാസി യുവതി രാധയെ കടുവ കൊന്നത്. വനത്തോട് ചേർന്ന സ്ഥലത്ത് നിന്ന് തണ്ടർ ബോൾട്ട് സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും എസ്റ്റേറ്റ് ഓഫിസിലേക്ക് മാറ്റിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ ജനം അനുവദിച്ചില്ല.
കടുവ വീണ്ടും വരുമെന്നാണ് നാട്ടുകാർ പറയുന്നത്. കടുവ ഇരയെ കൊന്ന് പാതി ഭക്ഷിച്ചാൽ വീണ്ടും ബാക്കി ഭാഗം കഴിക്കാൻ വരുന്നതാണ് ശീലം. മൃതദേഹത്തിൻ്റെ ബാക്കി ഭാഗം തേടി കടുവ വരാനിടയുണ്ടെന്നും അതുകൊണ്ട് വെടി വച്ചു കൊല്ലണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. വനം വകുപ്പിനോട് കടുവ, കാട്ടാന ശല്യത്തെ കുറിച്ച് പലവട്ടം പരാതി പറഞ്ഞിട്ടും വനം വകുപ്പ് തിരിഞ്ഞ് നോക്കിയില്ലെന്നും ആരോപണമുണ്ട് .
കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു രാധയെ കടുവ ആക്രമിച്ചത്. കഴുത്തില്‍ പിടിമുറുക്കിയ കടുവ ഇവരെ 100 മീറ്ററോളം വലിച്ചിഴച്ചു. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു.
മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ. അനീഷ, അജീഷ് എന്നിവരാണ് മക്കള്‍.