കൊടി സുനിക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചത് 4 കാര്യങ്ങൾ കണക്കിലെടുത്തെന്ന് മുഖ്യമന്ത്രി. കൊടി സുനിയുടെ ജയിലിലെ പെരുമാറ്റം, സ്വഭാവം, മാതാവിൻ്റെ അപേക്ഷ, മനുഷ്യവകാശ കമ്മീഷൻ്റെ നിർദ്ദേശം എന്നിവ കണക്കിലെടുത്താണ് കൊടി സുനിക്ക് പരോൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
28.12. 24 വൈകുന്നേരം 5 മണി മുതൽ 30 ദിവസത്തെ സാധാരണ അവധിയാണ് കൊടി സുനിക്ക് അനുവദിച്ചത്. ചട്ടങ്ങൾ പ്രകാരം അർഹതയുള്ളവർക്ക് തെറ്റുതിരുത്തൽ പ്രകിയകളുടെ ഭാഗമായാണ് അവധി അനുവദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി. എഫ് എം എൽ എ മാരായ കെ.ബാബു, എ.പി അനിൽകുമാർ, കെ.കെ. രമ, ചാണ്ടി ഉമ്മൻ എന്നിവരുടെ ചോദ്യങ്ങൾക്കായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
പോലീസ് റിപ്പോർട്ട് എതിരായതിനാൽ ആറുവർഷമായി കൊടി സുനിക്ക് പരോൾ അനുവദിച്ചിരുന്നില്ല. തടവുശിക്ഷ അനുഭവിക്കേ, ജയിലിൽ മൊബൈൽഫോൺ ഉപയോഗിച്ചു, ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം ഏകോപിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മർദിച്ചു തുടങ്ങിയ കേസുകളിൽ പ്രതിയായതിനെത്തുടർന്നാണ് സുനിക്ക് പരോൾ കൊടുക്കാതിരുന്നത്.
മകന് പരോൾ അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നൽകിയിരുന്നു.വിയ്യൂരിലെ അതിസുരക്ഷാജയിലിൽ സഹതടവുകാരുമായി ചേർന്ന് കലാപമുണ്ടാക്കാൻ ശ്രമിച്ചതോടെയാണ് കൊടി സുനിയെ 2023 നവംബർ ഒൻപതിന് തവനൂരിലേക്കു മാറ്റിയത്.