ക്ഷേമ പെൻഷൻ 3 ഗഡുക്കൾ കുടിശിക. നാല് ഗഡു കുടിശികയിൽ ഒരു ഗഡു ഇന്നലെ അനുവദിച്ചതോടെയാണ് കുടിശിക 3 ഗഡുക്കൾ ആയത്. 4800 രൂപ വീതം ഓരോ ക്ഷേമപെൻഷൻ കാരനും ലഭിക്കാനുണ്ട്.
ലോകസഭയിലെ ദയനീയ തോൽവിക്ക് ശേഷമാണ് ക്ഷേമ പെൻഷൻ കുടിശിക നൽകാൻ കെ.എൻ. ബാലഗോപാല്‍ തയ്യാറായത്. 5 ഗഡു ആയിരുന്നു ലോക്സഭ കാലത്ത് കുടിശിക ഉണ്ടായിരുന്നത്. ചട്ടം 300 പ്രകാരം ഈ സാമ്പത്തിക വർഷം 2 ഗഡു കുടിശിക നൽകുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.
ഓണത്തിന് ഒരു ഗഡുവും ഇന്ന് ഒരു ഗഡു കുടിശികയും അനുവദിച്ചതോടെ ഈ സാമ്പത്തിക വർഷം 2 ഗഡു കുടിശികയും കൊടുത്തു. 2025- 26 ൽ 3 ഗഡു കുടിശിക കൊടുക്കുമെന്നാണ് വാഗ്ദാനം.ക്ഷേമ പെൻഷൻ 2500 രൂപയായി വർദ്ധിപ്പിക്കുമെന്നായിരുന്നു 2021 ലെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം.
എന്നാൽ 100 രൂപ പോലും വർധന ഇതുവരെ വരുത്തിയില്ലെന്ന് മാത്രമല്ല ക്ഷേമ പെൻഷൻ കുടിശികയും ആക്കി. തെരഞ്ഞെടുപ്പ് വർഷം ആണ് സർക്കാരിന് മുന്നിൽ ഉള്ളത്. ഈ വർഷം ഒക്ടോബറിൽ തദ്ദേശ തെരഞ്ഞെടുപ്പും അടുത്ത വർഷം ഏപ്രിലിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത് കൊണ്ട് ഇത്തവണത്തെ ബജറ്റിൽ ക്ഷേമ പെൻഷൻ ഉയർത്തിയേക്കും എന്നാണ് സൂചന.
1600 രൂപയാണ് ക്ഷേമ പെൻഷൻ. വാഗ്ദാനം ചെയ്ത 2500 രൂപ ക്ഷേമ പെൻഷൻ നൽകണമെങ്കിൽ 900 രൂപ വർധന വരുത്തണം. ഫെബ്രുവരി 7 നാണ് ബജറ്റ്. സമ്പൂർണ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപുള്ള ഏക സമ്പൂർണ്ണ ബജറ്റ്. 1600 ൽ നിന്ന് 2500 രൂപയായി ക്ഷേമ പെൻഷൻ ബാലഗോപാൽ വർദ്ധിപ്പിക്കുമോ എന്നറിയാൻ ബജറ്റ് വരെ കാത്തിരിക്കണം.