സ്പീക്കർ പറഞ്ഞിട്ടും കേൾക്കാതെ സിപിഎം എംഎൽഎമാർ
എറണാകുളം കൂത്താട്ടുകുളത്ത് സിപിഎം വനിത കൗൺസിലറെ പാർട്ടി നേതാക്കൾ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഭരണപക്ഷം തടസ്സപ്പെടുത്തി. ഇതിൽ പ്രകോപിതനായ പ്രതിപക്ഷ നേതാവ് പേപ്പർ മേശപ്പുറത്ത് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. കല രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾ പാർട്ടി നേതാക്കളാണെന്ന കാര്യം നിയമസഭയിൽ പറഞ്ഞപ്പോഴായിരുന്നു വി.ഡി. സതീശന്റെ പ്രസംഗം ഭരണപക്ഷ എംഎൽഎമാർ തടസ്സപ്പെടുത്തിയത്. പ്രതിപക്ഷ നേതാവിൻ്റെ വാക്കൌട്ട് പ്രസംഗവും വാക്കൌട്ടും സഭാ ടിവിയിലെ ലൈവ് ടെലികാസ്റ്റിങില്‍ നിന്ന് ഒഴിവാക്കി. പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ഒഴിവാക്കിയ സഭ ടിവി പിന്നീട് മുഖ്യമന്ത്രിയുടെ പ്രമേയ അവതരണം മുതലാണ് ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയത്. എല്ലാ അർത്ഥത്തിലും പ്രതിപക്ഷത്തെ സഭാ നടപടികളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണ് സ്പീക്കറില്‍ നിന്നും ഭരണപക്ഷത്തുനിന്നും ഉണ്ടായത്.
സ്പീക്കർക്കും ഭരണപക്ഷ എംഎൽഎമാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. ചെയർ പറയുന്നത് അവർ കേൾക്കുന്നില്ല പിന്നെ താനെന്ത് ചെയ്യാനെന്നാണ് സ്പീക്കർ എ.എൻ. ഷംസീർ ചോദിച്ചത്. ഭരണ-പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്യുകയും സഭാ ടിവിയിലെ സംപ്രേഷണത്തില്‍ നിന്ന് കട്ട് ചെയ്ത് മാറ്റുകയുമായിരുന്നു.