
സ്ഥലംമാറ്റപ്പെട്ട സംഘടനാ നേതാവിനെ സ്തുതിഗീതം ഇറക്കിയതിന് പുറകേ തിരിച്ചെടുക്കാൻ നീക്കം
ഉന്നത ഉദ്യോഗസ്ഥയെ സെക്രട്ടേറിയറ്റിൽ നിന്ന് ബാലാവകാശ കമ്മീഷനിലേക്ക് സ്ഥലംമാറ്റിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സംഭവത്തിലെ സംഘടനാ നേതാവായ ഉദ്യോഗസ്ഥയെ 5 മാസത്തിൽ സെക്രട്ടേറിയറ്റിലേക്ക് തിരികെ കൊണ്ടു വരാൻ നീക്കം.
സെക്രട്ടേറിയറ്റിൽ ഇന്റെർണൽ കംപ്ലയിന്റ് കമ്മിറ്റി അധ്യക്ഷ ആയിരിക്കെ സ്പെഷ്യൽ സെക്രട്ടറിയായ ശ്രീമതി ഷൈനി ജോർജിനെ സംസ്ഥാന ബാലാവകാശ കമ്മീഷനിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു.
ഇൻ്റേണൽ കംപ്ലയിൻ്റ് സ് കമ്മറ്റിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിൽ പ്രതികൂല നിലപാടെടുത്തതിനുള്ള പ്രതികാര നടപടി ആയിട്ടാണ് സ്ഥലം മാറ്റപ്പെട്ടത് എന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. മുഖ്യമന്ത്രിയെ സ്തുതിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സ്തുതിഗീതം ഇറക്കിയത് കൊണ്ട് ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ശ്രീമതി ഷൈനി ജോർജ്ജ് സ്ഥലം മാറ്റപ്പെട്ട സമയത്ത് ഉദ്യോഗസ്ഥനെതിരെ ഉയർന്ന ആരോപണത്തെ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത. സ്ഥലംമാറ്റത്തെ തുടർന്ന് വകുപ്പിലെ ജീവനക്കാർ നൽകിയ യാത്രയയപ്പ് ചടങ്ങ് വ്ലോഗറായ മകളെ ഉപയോഗിച്ച് ഷൈനി ജോർജ്ജ് ചിത്രീകരിച്ച സംഭവം വിവാദമായിരുന്നു. നീതിക്ക് വേണ്ടി പോരാടിയത് കൊണ്ടാണ് തന്റെ മാതാവ് സ്ഥലംമാറ്റപെട്ടതെന്ന് മകൾ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
അടുത്തിടെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പ്രശാന്ത് ഐഎഎസ് ഫെയ്സ്ബുക്കിലൂടെ നടത്തിയ വിമർശനത്തിൽ ഷൈനി ജോർജ്ജ് ഇടപ്പെട്ടതും വിവാദമായിരുന്നു. തന്നോട് ജയതിലക് തെരുവ് പട്ടിയോടെന്ന പോലെ പെരുമാറിയെന്നും മുഖ്യമന്ത്രിയോടും പൊതുഭരണ സെക്രട്ടറിയോടുമെല്ലാം പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നുമാണ് ഷൈനി ജോർജ്ജ് പ്രശാന്തിന്റെ ഫേസ്ബുക് പോസ്റ്റിൽ കമന്റിട്ടത്.
മെഗാ വാഴ്ത്തുപാട്ട് നടത്തിയതിന് പിന്നാലെ സെക്രട്ടേറിയറ്റ് അസോസിയേഷൻ നൽകിയ സ്ഥലംമാറ്റ ശുപാർശ മുഖ്യമന്ത്രി അതേപടി അംഗീകരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്ത്രീവിരുദ്ധത ആരോപിച്ച ഉദ്യോഗസ്ഥയെ തിരികെ സെക്രട്ടേറിയറ്റിൽ നിയമിക്കുമോ എന്ന് അടുത്ത ദിവസങ്ങളിൽ അറിയാം.
ജീവനക്കാർ തങ്ങളുടെ തടഞ്ഞു വയ്ക്കപ്പെട്ട അവകാശം പറയാൻ പാടില്ലെന്നോ? ജീവനക്കാർക്ക് വേണ്ടി നിലകൊള്ളേണ്ട സംഘടനകൾ ഏറാൻ മൂളികളാകരുത്. നേതാക്കളിൽ ചിലർക്കൊക്കെ വേറെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടാകാം എന്ന് കരുതേണ്ടിയിരിക്കുന്നു.