
KMML : വിരമിക്കൽ പ്രായം ഉയർത്താൻ നീക്കം
സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സിലെ വിരമിക്കൽ പ്രായം 60ആക്കി ഉയർത്തിയതിന് പിന്നാലെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം ഉയർത്താൻ ജീവനക്കാരുടെ സമ്മർദ്ദം. പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (KMML) വിരമിക്കൽ പ്രായം ഉയർത്താൻ ഭരണകക്ഷി യൂണിയന്റെ നേതൃത്വത്തിൽ സമ്മർദം.
വിരമിക്കൽ പ്രായം 58 ൽ നിന്ന് 60 ആക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് അംഗീകൃത തൊഴിലാളി സംഘടനകൾ മാനേജിങ് ഡയറക്ടർക്ക് കത്തുനൽകിയിരുന്നു. ഈ വിഷയം ഡയറക്ടർ ബോർഡിൽ വെച്ച് തീരുമാനമെടുപ്പിച്ച് സർക്കാരിലേക്ക് അയയ്ക്കാനാണ് ശ്രമം നടക്കുന്നത്.
പെൻഷൻ പ്രായം ഉയർത്തിയാൽ നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകും. നാലുവർഷമായി കെ.എം.എം.എല്ലിൽ സ്ഥിരനിയമനങ്ങൾ നടത്തിയിട്ടില്ല. 2022-ൽ കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ് ബോർഡിന് നിയമനച്ചുമതല ഗങങഘ കൈമാറിയിരുന്നു.
എന്നാൽ ഇതുവരെ ഒരു നിയമനംപോലും നടത്തിയില്ല. ഒട്ടേറെ ഒഴിവുകൾ നികത്താനുണ്ട്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എസ്.ടി.യു, യു.ടി.യു.സി എന്നീ സംഘടനകളുടെ ജനറൽ സെക്രട്ടറിമാരാണ് മാനേജിങ് ഡയറക്ടർക്ക് നൽകിയ കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന ഭരണപരിഷ്‌കാര കമ്മീഷൻ നിർദ്ദേശം നവംബർ അവസാനം ചേർന്ന മന്ത്രിസഭായോഗം തള്ളിയിരുന്നു. എന്നാൽ അതിനുശേഷം പൊതുമേഖലാ സ്ഥാപനമായ നോർക റൂട്ട്സിലെ പെൻഷൻ പ്രായം 60 ആയി ഉയർത്തി.
ഇതിന് മുമ്പ് പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ചു. മറ്റൊരു പൊതുമേഖലാ സ്ഥാപനമായി എൻബിഎസിലും പെൻഷൻ പ്രായം 60 ആക്കാനുള്ള നീക്കങ്ങൾ തകൃതിയാണ്.