
പണിമുടക്കിനെ തള്ളിക്കളയണമെന്ന് കെജിഒഎ
തിരുവനന്തപുരം: ജനുവരി 22ന് സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്കിനെ തള്ളിക്കളയണമെന്ന് കേരള ഗസറ്റഡ് ഒഫീസേഴ്‌സ് അസോസിയേഷൻ (കെജിഒഎ). സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ഗസ്റ്റഡ് ഓഫീസർമാരുടെ സംഘടനയാണ് കെജിഒഎ.
രാജ്യത്തിലെ സിവിൽ സർവ്വീസുകൾക്കാകെ മാതൃകയായി മാറിയ കേരള സംസ്ഥാന സിവിൽ സർവ്വീസിനെ സംരക്ഷിച്ചു നിർത്തേണ്ട സമയത്ത് തികച്ചും രാഷ്ട്രീയ പ്രേരിതമായി ജീവനക്കാരെ ഭിന്നിപ്പിക്കാൻ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കാഹ്വാനം തള്ളി കളയാൻ മുഴുവൻ ജീവനക്കാരും തയ്യാറാകണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിച്ചു.
കേന്ദ്ര സർക്കാർ സർവ്വീസിലും പൊതുമേഖലയിലും വിവിധ സംസ്ഥാന സർക്കാർ സർവ്വീസുകളിലും ജീവനക്കാരുടെ കരാർ വൽക്കരണം സാർവ്വത്രികമാകുമ്പോഴും, രാജ്യത്തിലെ ആകെ പിഎസ്‌സി നിയമനങ്ങളിൽ 55 ശതമാനത്തിലധികം നടക്കുന്ന സിവിൽ സർവ്വീസായി കേരളം മാറുന്നത് ഇടതുപക്ഷ ബദൽ വികസനത്തിന്റെ കരുത്തിലാണെന്ന് കെജിഒഎ വാർത്താകുറിപ്പിലൂടെ പറഞ്ഞു.
ജീവനക്കാരുടെ സാമ്പത്തിക അവകാശങ്ങൾ ഗവൺമെന്റിന്റെ കടമയാണ് എന്ന് നിരന്തരം അംഗീകരിക്കുകയും കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ഉപരോധത്തിനിടയിലും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിച്ചു നിർത്തുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. കേരള മുഖ്യമന്തി ഇക്കാര്യം നിയമസഭയിൽ സുവ്യക്തമാക്കിയിരിക്കേ പ്രഖ്യാപിച്ച പണിമുടക്ക് സംഘടനകൾ പിൻവലിക്കേണ്ടതായിരുന്നുവെന്ന് കെജിഒഎ പറയുന്നു.
രാജ്യത്ത് പുതിയ തസ്തികൾ സൃഷ്ടിക്കുന്ന ഒരേയൊരു ഗവൺമെന്റും കേരളത്തിലെ ഇടതുപക്ഷ സർക്കാർ മാത്രമാണ്. ജീവനക്കാരിൽ ആശയക്കുഴപ്പവും ഭിന്നിപ്പും സൃഷ്ടിച്ച് ഈ ജനപക്ഷ ബദലിനെ ദുർബലമാക്കാനും സ്വകാര്യവൽക്കരണത്തിനും കരാർ വൽക്കരണത്തിനും കാവി വൽക്കരണത്തിനുമെതിരെ രാജ്യവ്യാപകമായി ഉയരേണ്ട ഐക്യം തകർക്കുന്നതിനും ലക്ഷ്യമിട്ടുള്ള പണിമുടക്ക് സങ്കുചിത രാഷ്ട്രീയം മുൻനിർത്തിയുള്ളതാണ്.
ഈ സാഹചര്യത്തിൽ രാഷ്ട്രീയ പ്രേരിതമായി ചില സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിനെ തള്ളി കളയണമെന്ന് കെജിഒഎ ജനറൽ സെക്രട്ടറി എം.ഷാജഹാനും സംസ്ഥാന പ്രസിഡണ്ട് ഡോ. എസ്. ആർ. മോഹനചന്ദ്രനും അഭ്യർത്ഥിച്ചു.