സർക്കാർ ജീവനക്കാർക്ക് അവധിയും അവധി ആനുകൂല്യങ്ങളും അനുവദിക്കുന്നത് ചട്ടപ്രകാരമാണെന്ന് ഉറപ്പുവരുത്തണമെന്ന് ധനവകുപ്പിന്റെ കർശന നിർദ്ദേശം. ഇതുസംബന്ധിച്ച സർക്കുലർ ഈമാസം 20ന് പുറത്തിറങ്ങി.
സ്പാർക്ക് സോഫ്റ്റ് വെയർ മുഖേന അവധി അനുവദിയ്ക്കുന്ന അവസരത്തിൽ കേരള സർവ്വീസ് ചട്ടങ്ങൾ പ്രകാരമുള്ള അവധിയുടെ അർഹത പരിശോധിയ്ക്കാതെ അവധി അപേക്ഷകൾ ശിപാർശ ചെയ്യപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സർക്കുലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതിനാൽ അവധിയുടെ അർഹത കേരള സർവ്വീസ് ചട്ടങ്ങൾ പ്രകാരം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രം സ്പാർക്ക് സോഫ്റ്റ് വെയർ മുഖേന മേലുദ്യോഗസ്ഥർ അവധി അപേക്ഷകൾ ശിപാർശ ചെയ്ത് അതിന്മേൽ ബന്ധപ്പെട്ട അധികാരികൾ തീരുമാനമെടുക്കേണ്ടതാണ് എന്ന സർക്കുലർ നിർദ്ദേശം പുറപ്പെടുവിക്കുന്നു. ഈ വിഷയത്തിൽ വീഴ്ച വരുത്തുന്നത് സർക്കാർ ഗൗരവമായി കണ്ട് തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്നും ധനകാര്യ അഡീഷണൽ സെക്രട്ടറി ലക്ഷ്മി രഘുനാഥൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.