
22ന് ജീവനക്കാരുടെ പണിമുടക്ക്: ബിജെപി ഇല്ല
തിരുവനന്തപുരം: ജനുവരി 22ന് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ ബിജെപി അനുകൂല സംഘടന പങ്കെടുക്കില്ല. പകരം അനിശ്ചിതകാല പണിമുടക്കിന് തയ്യാറാകാൻ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ആഹ്വാനം ചെയ്തു.
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കുന്ന ഇടതു സർക്കാരിനെതിരെ യോജിച്ച അനിശ്ചിതകാല പണിമുടക്കമാണ് ആവശ്യമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.
പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാതിരിക്കുക, 2019 ലെ ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുക, ക്ഷാമ ബത്ത അനുവദിക്കാതിരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാതിരിക്കുക എല്ലാറ്റിനുമുപരി ജീവനക്കാരുടെ അനുമതി ഇല്ലാതെ ശമ്പളം പിടച്ചെടുക്കുന്ന രീതി നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നത്.

എല്ലാ സർവ്വീസ് സംഘടനകളും കൂട്ടായി ഇക്കാര്യത്തിൽ ചർച്ച നടത്തി സമര രംഗത്തേയ്ക്ക് വരേണ്ടതുണ്ട്. ഒരു വർഷത്തിനിടെ രണ്ട് സൂചന പണിമുടക്ക് നടത്തുന്നതിനോട് യോജിപ്പില്ല. എല്ലാ സർവ്വീസ് സംഘടനകളും 2002 മാതൃകയിൽ അനിശ്ചിത കാല സമരരംഗത്തേയ്ക്ക് വരേണ്ടതുണ്ട്.
2024 ജനുവരി 24 ന് സൂചനാ പണിമുടക്കം നടത്തിയതിനാൽ വീണ്ടുമൊരു സൂചന പണിമുടക്കത്തിന് പ്രസക്തി ഇല്ല. ആയതിനാൽ 22ന് നടക്കുന്ന പണിമുടക്കിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പങ്കെടുക്കില്ല എന്ന് പ്രസിഡന്റ് ടി.ഐ.അജയകുമാറും ജനറൽ സെക്രട്ടറി അജയ് കെ നായരും അറിയിച്ചു.