ഗ്രീഷ്മയ്ക്ക് തൂക്കുകയർ; ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകിക്ക് വധശിക്ഷ

Greeshma Sharon Murder case

കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷവിധിച്ചു. ഒന്നാംപ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24)ക്ക് വധശിക്ഷ വിധിച്ചു. മൂന്നാം പ്രതി നിർമലകുമാരൻ നായർക്ക് മൂന്ന് വർഷം തടവാണ് വിധിച്ചിരിക്കുന്നത്. കോടതിയില്‍ നാല് കുറ്റങ്ങളാണ് ഗ്രീഷ്മക്കെതിരെ തെളിഞ്ഞത്. തട്ടിക്കൊണ്ടുപോകലിന് 10 വർഷം ജീവപര്യന്തവും, അന്വേഷണത്തെ വഴി തിരിച്ചുവിടലിന് അഞ്ചുവർഷം തടവുശിക്ഷയും കോടതി വിധിച്ചു. (Greeshma sentenced to death)

ഷാരോണ്‍ മരിച്ചത് ക്രൂരമായാണെന്ന് ഡോക്ടറുടെ മൊഴിയില്‍ നിന്ന് വ്യക്തമായതായി കോടതി ചൂണ്ടിക്കാണിച്ചു. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നു. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണ്. 10 ദിവസം വെള്ളം പോലും ഇറക്കാനാകാതെ അയാള്‍ ആശുപത്രിയില്‍ കിടന്നു. വായമുതല്‍ ആന്തരികാവയവങ്ങൾ അഴുകിയാണു ഷാരോൺ മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണു പ്രതിക്കു കോടതി പരമാവധി ശിക്ഷ വിധിച്ചത്.

ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയെന്ന് കോടതി പറഞ്ഞു. കേസ് അന്വേഷിച്ച പോലീസ് സംഘത്തെ കോടതി അനുമോദിച്ചു. ഗ്രീഷ്മക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന പ്രതിഭാഗം വാദം കോടതി തള്ളിക്കളഞ്ഞു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗ്രീഷ്മ നടത്തിയ ജ്യൂസ് ചലഞ്ച് വധശ്രമമെന്ന് കോടതി വിലയിരുത്തി. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്‌നേഹിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചുവരുത്തുമ്പോൾ കൊല്ലാനാണെന്ന് ഷാരോണിന് അറിയില്ലായിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നാണു പറഞ്ഞാണു ഷാരോണിനെ ഗ്രീഷ്മ ക്ഷണിച്ചുവരുത്തിയത്.

സ്‌നേഹബന്ധം തുടരുമ്പോഴും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. 48 സാഹചര്യ തെളിവുകള്‍ പ്രതിക്കുണ്ടായിരുന്നുവെന്ന് കോടതി പറഞ്ഞു. ഘട്ടംഘട്ടമായി ഷാരോണിന് കൊലപ്പെടുത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് അന്വേഷണത്തെ വഴിതിരിച്ചു വിടാനായിരുന്നു.

ഷാരോണിന്റെ കുടുംബാംഗങ്ങളെ ചേംബറിലേക്കു ജഡ്ജി വിളിപ്പിച്ചിരുന്നു. കോടതിക്കുള്ളിൽ കരഞ്ഞുകൊണ്ടാണ് തനിക്കെതിരെയുള്ള കോടതി വിധി ഗ്രീഷ്മ കേട്ടത്.

ഗ്രീഷ്മയും അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്നു നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments