മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നും പൊലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇയാൾ ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന വ്യാജ പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസ് വ്യക്തമാക്കി.
”സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി 30 വയസ്സുകാരനായ ബംഗ്ലദേശ് പൗരനാണെന്നാണു പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നത്. പേരു മാറ്റി അനധികൃതമായാണ് ഇയാൾ ഇന്ത്യയിലേക്കു കടന്നത്. നിലവിൽ വിജയ് ദാസ് എന്ന പേരിലായിരുന്നു താമസം. 56 മാസം മുൻപുതന്നെ മുംബൈയിൽ വന്നു പോയിരുന്നു. സെയ്ഫിന്റെ വീട്ടിലെ അതിക്രമത്തിന് ഏതാനും ദിവസം മുൻപാണു വീണ്ടുമെത്തിയത്. ഹൗസ് കീപ്പിങ് ഏജൻസിലായിരുന്നു ജോലി.” ഡിസിപി ദീക്ഷിത് ഗെദാം വ്യക്തമാക്കി.
”മോഷ്ടിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ സെയ്ഫിന്റെ വീട്ടിൽ കയറിയത്. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. തുടർ അന്വേഷണത്തിലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ആദ്യമായാണ് ഇയാൾ സെയ്ഫിന്റെ വീട്ടിൽ കയറിയതെന്നാണു നിഗമനം. പാസ്‌പോർട്ട് നിയമത്തിലെ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തും” പൊലീസ് പറഞ്ഞു.
പ്രതി പലയിടങ്ങളിലായി വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ്, ബിജെ എന്നീ പേരുകളാണു സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഞായറാഴ്ച രാവിലെ താനെയിലെ ഹിരാനന്ദനി എസ്റ്റേറ്റിലെ മെട്രോ നിര്‍മ്മാണ സ്ഥലത്തിനു സമീപമുള്ള തൊഴിലാളി ക്യാംപിൽനിന്നാണ് ഇയാളെ പിടിച്ചത്. 30 വയസ്സുകാരനായ പ്രതി മോഷണത്തിനായാണു സെയ്ഫിന്റെ വീട്ടിൽ എത്തിയതെന്നു ഡിസിപി ദീക്ഷിത് ഗെദാം വ്യക്തമാക്കി.