
മദ്യവിൽപനയിലൂടെ 19088.86 കോടി വരുമാനം ലഭിച്ചെന്ന് കെ.എൻ ബാലഗോപാൽ
മദ്യവിൽപനയിലൂടെ 2023-24 സാമ്പത്തിക വർഷത്തിൽ 19088.86 കോടി ലഭിച്ചെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2023-24 ലെ സംസ്ഥാനത്തിന്റെ റവന്യു വരുമാനം 124486.15 കോടി രൂപയാണ്.
സംസ്ഥാന വരുമാനത്തിന്റെ 15 ശതമാനത്തിൽ കൂടുതൽ സംഭാവന മദ്യ വിൽപനയിൽ നിന്നാണ് എന്ന് കണക്കുകളിൽ നിന്ന് വ്യക്തം. മദ്യ നിർമ്മാണ ശാല വരുന്നതോടെ മദ്യത്തിൽ നിന്നുള്ള വരുമാനം കുത്തനെ ഉയരും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് കഞ്ചിക്കോടാണ് സ്വകാര്യ കമ്പനിക്ക് മദ്യനിർമാണശാല ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 17 ഡിസ്റ്റലറി / ബ്ലന്റിംഗ് യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. പ്രതിമാസം ശരാശരി 17.79 ലക്ഷം കേയ്സ് മദ്യം ഇവിടെ നിന്നും ഉൽപാദിപ്പിക്കുന്നുണ്ട്. നിലവിലെ മദ്യ ഉപഭോഗത്തിന് ഇത് മതിയാകുന്നില്ല.
ഉപഭോഗത്തിനായി കെ.എസ്.ബി.സിക്ക് വേണ്ടി വരുന്ന മദ്യത്തിന്റെ അളവിനോട് താരതമ്യം ചെയ്യുമ്പോൾ ഏകദേശം 7 ശതമാനത്തിന്റെ കുറവാണ് ഉള്ളത്. 2018 ൽ 3 ബ്രൂവറികൾക്കും രണ്ട് കോമ്പൗണ്ടിംഗ് ബ്ലെൻഡിംഗ് & ബോട്ടിലിംഗ് യൂണിറ്റുകൾക്കും സർക്കാർ അനുമതി കൊടുത്തിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.

പാലക്കാട് എലപ്പുള്ളിയിലെ അപ്പോളോ ഡിസ്റ്റലറിസ് & ബ്രുവറിസ്, കണ്ണൂർ വാരത്തെ ശ്രീധരൻ ബ്രൂവറി, എറണാകുളത്തെ പവർ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബ്രൂവറികൾക്കാണ് 2018 ൽ അനുമതി നൽകിയത്.
തൃശൂർ ശ്രീ ചക്രാ ഡിസ്റ്റലറിസ്, പാലക്കാട് മലബാർ ഡിസ്റ്റലറിസ് എന്നിവയാണ് കോമ്പൗണ്ടിംഗ് ബ്ലെൻഡിംഗ് & ബോട്ട്ലിംഗ് യൂണിറ്റുകൾ തുടങ്ങാൻ 2018 ൽ അനുമതി നൽകിയത്. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയം മദ്യവർജനമാണെന്നിരിക്കെയാണ് പുതിയ മദ്യനിർമ്മാണ ശാലക്ക് അനുമതി നൽകിയത് എന്നതാണ് വിരോധാഭാസം.