എക്‌സൈസ് മന്ത്രി സംസാരിക്കുന്നത് മദ്യ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെ: വിഡി സതീശൻ

തിരുവനന്തപുരം: പാലക്കാട് കഞ്ചിക്കോട് മദ്യനിർമാണ ശാല ആരംഭിക്കുന്നതിനെതിരെ പ്രതിപക്ഷം ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും എക്‌സൈസ് മന്ത്രി ഉത്തരം നല്‍കിയിട്ടില്ലെന്ന് വി.ഡി. സതീശൻ. അദ്ദേഹം ആദ്യ ദിവസം കമ്പനിയെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഇതു പോലൊരു കമ്പനി വേറെയില്ലെന്നു പറഞ്ഞത് ആ കമ്പനിയുടെ പ്രൊപ്പഗന്‍ഡ മാനേജരെ പോലെയാണ് മന്ത്രി സംസാരിച്ചത്. കോളജ് തുടങ്ങാനെന്ന പേരില്‍ പഞ്ചായത്തിനെ പറ്റിച്ച് രണ്ട് വര്‍ഷം മുന്‍പ് ഭൂമി വാങ്ങിയപ്പോള്‍ മുതല്‍ കമ്പനിയുമായി ഡീല്‍ തുടങ്ങി. സാധാരണക്കാര്‍ക്ക് നല്‍കാനില്ലാത്ത വെള്ളം വാട്ടര്‍ അതോറിട്ടി എവിടെ നിന്ന് ഈ കമ്പനിക്ക് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കുപ്രസിദ്ധമായ ഡല്‍ഹി മദ്യ നയ കേസില്‍ അറസ്റ്റിലായവരാണ് ഈ കമ്പനിയുടെ ഉടമകളെന്നും പഞ്ചാബില്‍ നാല് കിലോമീറ്റര്‍ പ്രദേശത്തെ ഭൂഗര്‍ഭജലവും മലിനപ്പെടുത്തിയതിന് കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ കേസെടുത്തിട്ടുണ്ടെന്നും ഞാന്‍ പിറ്റേ ദിവസം പറഞ്ഞു. ഇത്തരത്തില്‍ കുപ്രസിദ്ധമായ കമ്പനിക്ക് എന്തിനാണ് മദ്യ നിര്‍മ്മാണ പ്ലാന്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്? ഈ കമ്പനി മാത്രമെ അപേക്ഷ നല്‍കിയിരുന്നുള്ളൂവെന്നാണ് മന്ത്രി ഇന്ന് പറഞ്ഞത്. ഓരോ ദിവസവും മന്ത്രി മാറി മാറി പറയുകയാണ് – പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മദ്യ നയം മാറ്റി മദ്യ നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഡിസ്റ്റിലറി അറിഞ്ഞോ? മധ്യപ്രദേശിലും പഞ്ചാബിലും പ്രവര്‍ത്തിക്കുന്ന ഈ കമ്പനി അല്ലാതെ രാജ്യത്തെ മറ്റൊരു കമ്പനിയും സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിലെ മാറ്റത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. എന്നിട്ടാണ് ഈ കമ്പനിയുടെ മാത്രം അപേക്ഷയെ കിട്ടിയിട്ടുള്ളൂവെന്ന് മന്ത്രി പറഞ്ഞത്. എന്ത് രഹസ്യമാണ് ഇതിന് പിന്നിലുള്ളത്? എന്തിനാണ് രഹസ്യമാക്കി വച്ചത്? മൂന്നു മാസമാണ് മന്ത്രി ഈ ഫയല്‍ കയ്യില്‍ വച്ചത്. പാലക്കാട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആറു ദിവസം കഴിഞ്ഞാണ് ഈ ഫയല്‍ മുഖ്യമന്ത്രിയുടെ കയ്യിലേക്ക് കൊടുക്കുന്നത്. മദ്യ നയത്തിലെ 24-ാം പോയിന്റില്‍ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ ഉണ്ടാക്കും എന്നു മാത്രമെ പറഞ്ഞിട്ടുള്ളൂ. എന്നിട്ട് എന്തൊക്കെ അനുമതികളാണ് ഈ കമ്പനിക്ക് നല്‍കിയിരിക്കുന്നത്? എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി പ്ലാന്റ്, വൈനറി പ്ലാന്റ് ഉള്‍പ്പെടെ എല്ലാം ഈ ഒറ്റ കമ്പനിക്ക് നല്‍കിയിരിക്കുകയാണ്.

കോളജ് തുടങ്ങാനെന്ന പേരില്‍ എലപ്പുള്ളിയില്‍ പഞ്ചായത്തിനെ വരെ പറ്റിച്ച് രണ്ട് വര്‍ഷം മുന്‍പാണ് ഈ കമ്പനി ഭൂമി വാങ്ങിയത്. അപ്പോള്‍ ഈ കമ്പനിയുമായുള്ള ഡീല്‍ നേരത്തെ തന്നെ തുടങ്ങിയതാണ്. മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും അല്ലാതെ കേരളത്തിലെ വേറെ ഏതെങ്കിലും കമ്പനികള്‍ക്കോ മറ്റാര്‍ക്കുമോ ഇതേക്കുറിച്ച് അറിയില്ല.

പാലക്കാട് വി.എസ് അച്യുതാനന്ദനും എം.പി വീരേന്ദ്രകുമാറും ഉള്‍പ്പെടെ നമ്മുടെ എല്ലാവരുടെയും നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റ് അടച്ചു പൂട്ടിയത്. അവിടെയാണ് ദശലക്ഷക്കണക്കിന് ലിറ്റര്‍ ജലം ആവശ്യമുള്ള ഈ പ്ലാന്റ് ആരംഭിക്കുന്നത്. വാട്ടര്‍ അതോറിട്ടി വെള്ളം നല്‍കുമെന്നാണ് പറയുന്നത്. വാട്ടര്‍ അതോറിട്ടി അവരുടെ വീട്ടില്‍ നിന്നാണോ ജലം നല്‍കുന്നത്? സാധാരണക്കാര്‍ക്ക് വെള്ളം നല്‍കാന്‍ പോലും വാട്ടര്‍ അതോറിട്ടിക്ക് നല്‍കാന്‍ സാധിക്കുന്നില്ല.

മലമ്പുഴ ഡാമില്‍ പാലക്കാടിന് ആവശ്യമുള്ള വെള്ളമില്ല. ഇല്ലാത്ത വെള്ളം വാട്ടര്‍ അതോറിട്ടി എവിടെ നിന്നാണ് ഈ കമ്പനിക്ക് നല്‍കുന്നത്? ഈ കമ്പനിക്ക് വെള്ളം നല്‍കലാണോ വാട്ടര്‍ അതോറിട്ടിയുടെ പണി? ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. ഒരു തരി വെള്ളമില്ലാത്ത പാലക്കാടാണ് ഈ കമ്പനിക്ക് ഒരു ഡസണ്‍ യൂണിറ്റുകള്‍ നല്‍കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഷേഡി ഇടപാടുകള്‍ മാത്രം നടത്തിയിട്ടുള്ള ഈ കമ്പനിക്ക് മാത്രം മദ്യ നിര്‍മ്മാണ പ്ലാന്റ് നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ട്. അല്ലെങ്കില്‍ രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമില്ല – പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments