സംസ്ഥാനത്ത് സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് പ്രഖ്യാപിച്ച പണിമുടക്ക് നേരിടാൻ സർക്കാർ ഡയസ്നോണ്‍ പ്രഖ്യാപിക്കും. ഭരണകക്ഷിയായ സിപിഐയുടെയും, കോൺഗ്രസിന്റെയും നേതൃത്വത്തിലുള്ള സർവീസ് സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ നേരിടാൻ സർക്കാർ നാളെ (തിങ്കളാഴ്ച്ച) ഡയസ് നോൺ പ്രഖ്യാപിക്കും.
ഇതിനുള്ള ഉത്തരവ് പൊതുഭരണ വകുപ്പിൽ നിന്ന് പുറപ്പെടുവിക്കും. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കും. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യുമെന്നാണ് സൂചന.
ക്ഷാമബത്ത (19%), ലീവ് സറണ്ടർ, ശമ്പള പരിഷ്ക്കരണം കുടിശ്ശികയാക്കിയ ആനുകൂല്യങ്ങൾ തിരികെ നൽകുക,
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, 01/07/2024 മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സർക്കാർ വിഹിതത്തോടെ മെഡിസെപ്പ് നടപ്പാക്കുക, പൊതു- ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക, സെക്രട്ടേറിയറ്റ് ദ്രോഹ ഭരണ പരിഷ്കാര ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയവ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഭരണകക്ഷിയും പ്രതിപക്ഷവും ഒരുമിച്ച് പണിമുടക്ക് പ്രഖ്യാപിച്ച അപൂർവതക്ക് കൂടി സാക്ഷ്യം വഹിക്കുകയാണ് ജനുവരി 22 .