
മലയാളി താരം സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം പിടിക്കാത്തതിൻ്റെ നിരാശയിലാണ് ആരാധകർ. വെടിക്കെട്ട് ബാറ്റ്സ്മാൻ ആയ സഞ്ജു ടീമിൽ കാണുമെന്ന് ആരാധകരെ പോലെ മുൻകാല താരങ്ങളും പ്രതീക്ഷിച്ചിരുന്നു.
പരിശീലകൻ ഗംഭീറിൻ്റെ അതിശക്തമായ പിന്തുണയും സഞ്ജുവിന് ഉണ്ടായിരുന്നു. സഞ്ജുവിനായി ഗംഭീർ വാദിച്ചെങ്കിലും പന്തിന് വേണ്ടി രോഹിതും അഗാർക്കറും ഒരുമിച്ചതോടെ ഗംഭീറിൻ്റെ ശ്രമം പാഴായി. ചാമ്പ്യൻസ് ട്രോഫി ടീം തന്നെയായിരിക്കും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലും കളിക്കുക.
ടീമിൽ ഇടം കിട്ടാത്തതിന് സഞ്ജു ബാറ്റ് കൊണ്ട് മറുപടി നൽകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അടുത്ത പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ 5 മൽസരങ്ങൾക്ക് സഞ്ജു ഇന്ത്യക്ക് വേണ്ടി ഇറങ്ങും.
ഇന്ത്യ ഇംഗ്ലണ്ട് ട്വൻ്റി 20 പരമ്പരയിലെ ആദ്യ മൽസരം ജനുവരി 22 നാണ്. ജനുവരി 25 ന് ചെന്നെ ചിദംബരം സ്റ്റേഡിയത്തിലാണ് രണ്ടാം ട്വൻ്റി 20 മൽസരം നടക്കുന്നത്. ജനുവരി 28 ന് രാജ്കോട്ടിൽ മൂന്നാം ട്വൻ്റിയും നടക്കും. ജനുവരി 31 ന് പൂനയിൽ നാലാം മൽസരവും ഫെബ്രുവരി 2 ന് മുംബെയിൽ അഞ്ചാം മൽസരവും നടക്കും.
2024 ലെ ട്വൻ്റി 20 റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു സഞ്ജു സാംസൺ. രണ്ടാമൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 13 മൽസരങ്ങളിൽ നിന്ന് 436 റൺസ് നേടിയാണ് സഞ്ജു ഒന്നാമൻ ആയത്. 18 മൽസരങ്ങളിൽ നിന്ന് സൂര്യകുമാർ യാദവ് നേടിയത് 429 റൺസ്.മൂന്നാം സ്ഥാനത്ത് രോഹിത് ശർമയാണ്. 11 മൽസരങ്ങളിൽ നിന്ന് 378 റൺസാണ് രോഹിതിൻ്റെ സമ്പാദ്യം.
തകർപ്പൻ ഫോമിലായിരുന്ന സഞ്ജു 2024 ൽ 3 സെഞ്ച്വറികളാണ് നേടിയത്. ബംഗ്ലാദേശിനെതിരെ 40 പന്തുകളിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. കരുത്തരായ ഭക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു സഞ്ജുവിൻ്റെ മറ്റ് രണ്ട് തകർപ്പൻ സെഞ്ച്വറികളും.
3 സെഞ്ച്വറികൾക്ക് പുറമെ ഒരു അർധ സെഞ്ച്വറിയും 2024 ൽ സഞ്ജുവിൻ്റെ പേരിലുണ്ട്. 31 സിക്സറുകളും 35 ഫോറുകളും നേടിയ സഞ്ജുവിൻ്റ സ്ട്രൈക്ക് റേറ്റ് 180.16 ആണ്.
ഇത്രയും മികച്ച ഫോമിൽ ആയിരുന്നിട്ടും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. കൂസലില്ലാതെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസൺ ബാറ്റ് കൊണ്ട് തന്നെ ഇതിന് മറുപടി നൽകിയാൽ പണി കിട്ടുക ഇംഗ്ലണ്ടിനായിരിക്കും. സഞ്ജു സാംസൺ ഫോം തുടർന്നാൽ അഞ്ച് മൽസരങ്ങളുള്ള പരമ്പര ഇന്ത്യ നിഷ്പ്രയാസം തൂത്ത് വാരും.
Let him play. Please avoid unnecessary comments