മൂന്ന് ദിവസത്തെ ചെലവ് 1 കോടി. കണക്ക് കേട്ട് ഞെട്ടരുത്. ധനകാര്യ കമ്മീഷന്റെ കേരള സന്ദർശനത്തിന് ചെലവായത് 1 കോടി രൂപ. പതിനാറാം ധനകാര്യ കമ്മീഷൻ മൂന്ന് ദിവസമാണ് കേരളം സന്ദർശിച്ചത്.
ഇവരുടെ താമസം, ഭക്ഷണം, മറ്റ് ചെലവുകൾകായി 1 കോടി രൂപ ചെലവായെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്ക്. പണം ആവശ്യപ്പെട്ട് ധനകാര്യ അക്കൗണ്ട്‌സ് വിഭാഗം ബജറ്റ് വിംഗിന് ഈ മാസം 15 ന് ഫയൽ കൈമാറിയിരുന്നു. തൊട്ടടുത്ത ദിവസം ബജറ്റ് വിംഗിൽ നിന്ന് 1 കോടി രൂപ അധിക ഫണ്ടായി അനുവദിക്കുകയും ചെയ്തു. ധനകാര്യ കമ്മീഷന്റെ 3 ദിവസത്തെ ചെലവ് 1 കോടിയായി എന്ന കണക്ക് ധനവകുപ്പിൽ വലിയ ചർച്ചയായി മാറി കഴിഞ്ഞു.
ഡിസംബർ 8 മുതൽ 10 വരെയാണ് കമ്മീഷൻ അധ്യക്ഷനും നിതി ആയോഗ് മുൻ വൈസ് ചെയർമാനുമായ ഡോ.അരവിന്ദ് പനാഗിരിയും അംഗങ്ങളും കേരളം സന്ദർശിച്ചത്. 15-ാം ധനകാര്യ കമ്മിഷൻ അംഗമായിരുന്ന അജയ് നാരായൺ ഝാ, കേന്ദ്രത്തിലെ മുൻ ധനവിനിയോഗ സ്‌പെഷൽ സെക്രട്ടറി ആനി ജോർജ് മാത്യു, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് മുൻ ഡയറക്ടർ മനോജ് പാണ്ട, എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് എന്നിവരാണ് കമ്മിഷനിലെ അംഗങ്ങൾ.
8ന് സംഘം കുമരകത്ത് എത്തി. 10ന് രാവിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നു നിവേദനം നൽകി. ഉച്ചയ്ക്കു ശേഷം രാഷ്ട്രീയ കക്ഷി പ്രതിനിധികളും വ്യാപാര വ്യവസായ പ്രതിനിധികളുമായി ചർച്ച നടത്തി. മുഖ്യമന്ത്രി സംഘത്തിന് അത്താഴവിരുന്നും ഒരുക്കിയിരുന്നു.
കേരളത്തിനുള്ള കേന്ദ്രസർക്കാർ നികുതി വിഹിതം വർദ്ധിപ്പിക്കണമെന്നും ഹൊറിസോണ്ടൽ ഡിവോല്യൂഷൻ നിശ്ചയിക്കുമ്പോൾ ജനസംഖ്യ നിയന്ത്രണവും സമത്വത്തിന്റെയും ന്യായത്തിന്റെയും തത്വങ്ങളും കണക്കിലെടുക്കണമെന്ന് 16-ാം ഫിനാൻസ് കമ്മീഷനോട് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചിരുന്നു. നികുതി വിഹിതം കേരളത്തിന്റെ വിഹിതം 50 ശതമാനമായി ഉയർത്തുകയും സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ സംഭാവന നൂറ് ശതമാനം വർദ്ധിപ്പിക്കുകയും വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഇത് തുറന്ന മനസ്സോടെ പരിഗണിക്കാമെന്നായിരുന്നു കമ്മീഷൻ അധ്യക്ഷൻ ഡോ. അരവിന്ദ് പനാഗിരി മാധ്യമങ്ങളോട് പറഞ്ഞത്.