
ഹൈസ്പീഡ് മദ്യ നിർമ്മാണം; വിവാദ കമ്പനിക്ക് അനുമതി 24 മണിക്കൂറിൽ; ചെലവ് 600 കോടി
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ആസ്ഥാനമായി 600 കോടി മുടക്കി മദ്യനിർമ്മാണ ശാല ആരംഭിക്കാൻ സ്വകാര്യ കമ്പനിക്ക് സർക്കാർ അനുമതി കൊടുത്തത് വെറും 24 മണിക്കൂറില്. ജനുവരി 15ന് കൂടിയ മന്ത്രിസഭായോഗമാണ് വിവാദ കമ്പനിയായ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് മദ്യനിർമാണ ശാല ആരംഭിക്കാൻ അനുമതി നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം അതായത്, ജനുവരി 16ന് തന്നെ സർക്കാർ പുറത്തിറക്കി. വിശദമായ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഐഎഎസ് ആണ്.
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമ്മിക്കുമെന്ന മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതിന് ഉത്തരവിറക്കാൻ വേണ്ടിവന്നത് 15 ദിവസമാണ്. ജനുവരി ഒന്നിന് ചേർന്ന മന്ത്രിസഭായോഗ തീരുമാനം ഉത്തരവായി പുറത്തിറങ്ങിയത് ജനുവരി 15നായിരുന്നു. ഒരുദിവസം കൊണ്ട് മദ്യനിർമ്മാണ കമ്പനിക്കുള്ള അനുമതിയും 15 ദിവസം കൊണ്ട് വയനാട് ദുരിതബാധിതർക്കുള്ള ഉത്തരവും ഇറക്കുന്ന തരത്തിലുള്ള ഭരണവേഗതയും പ്രയോറിറ്റിയുമാണ് പിണറായി സർക്കാരിന് എന്ന വിമർശനം ഉയരുകയാണ്.

നാല് ഘട്ടമായാണ് പാലക്കാട് മദ്യനിർമ്മാണ ശാല ആരംഭിക്കുന്നതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഒന്നാം ഘട്ടമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, രണ്ടാം ഘട്ടമായി എഥനോൾ/ഇ.എൻ.എ നിർമ്മാണ യൂണിറ്റ് മൂന്നാം ഘട്ടമായി മാൾട്ട് സ്പിരിറ്റ്/ബ്രാണ്ടി/വൈനറി പ്ലാന്റ്, നാലാം ഘട്ടമായി ബ്രൂവറി എന്നിങ്ങനെയാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
600 കോടി രൂപ മുതൽ മുടക്കി 500 കെ.എൽ പ്രൊഡക്ഷൻ കപ്പാസിറ്റിയുള്ള എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈനറി പ്ലാന്റ് എന്നിവ ഉൾപ്പെട്ട സംയോജിത യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായിഒയാസിസ് കോമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പദ്ധതിക്ക് അനുമതി നൽകുന്നതെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.