
ചാമ്പ്യൻസ് ട്രോഫി ടീമിൽ സഞ്ജു സാംസൺ ഇടം പിടിക്കാത്തത്തതിൽ നിരാശരായി ആരാധകർ. ഏറ്റവും മികച്ച ഫോമിലുള്ള സഞ്ജു ടീമിൽ ഇടം പിടിക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. മുൻ ക്രിക്കറ്റ് താരങ്ങളും സഞ്ജു ടീമിൽ ഉണ്ടാവും എന്ന പ്രതീക്ഷയിലായിരുന്നു. പലരും ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു.
ഫോമിനേക്കാൾ അനുഭവ സമ്പത്തിന് പ്രാധാന്യം കൊടുത്താണ് മുഖ്യ സെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും ടീമിനെ തെരഞ്ഞെടുത്തത്. സഞ്ജുവിന് വേണ്ടി വാദിക്കാൻ ഉണ്ടായിരുന്നത് പരിശിലകൻ ഗൗതം ഗൗഭീർ മാത്രമായിരുന്നു. റിഷഭ് പന്തിനും രാഹുലിനും വേണ്ടി അഗാർക്കർ നിലപാട് എടുത്തതോടെ സഞ്ജു തഴയപ്പെട്ടു. രോഹിതും സഞ്ജുവിനെ പിന്തുണച്ചില്ല.
കഴിഞ്ഞ വര്‍ഷമവസാനത്തോടെ ഏഴു ടി20 മല്‍സരങ്ങള്‍ക്കിടെ മൂന്നു സെഞ്ച്വറികളാണ് സഞ്ജു വാരിക്കൂട്ടിയത്.ഒരു കലണ്ടര്‍ വര്‍ഷം ഏതെങ്കിലുമൊരു താരം ടി20യില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയതും ആദ്യമായിട്ടാണ്.
നിലവിലെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് 31 ഏകദിനം കളിച്ചപ്പോൾ 16 ഏകദിനം മാത്രമാണ് സഞ്ജു കളിച്ചത്. 31 ഏകദിനത്തിൽ നിന്ന് ഋഷഭ് നേടിയത് 871 റൺസ്. ശരാശരി 33.5 മാത്രം.അതേ സമയം സഞ്ജുവിൻ്റെ ശരാശരി 56.6 ആണ്. 16 ഏകദിനത്തിൽ നിന്ന് സഞ്ജു ഒരു സെഞ്ചറിയും 3 അർധ സെഞ്ച്വറിയും അടക്കം നേടിയത് 510 റൺസാണ് . 2023 ഡിസംബറിൽ കരുത്തരായ ദക്ഷിണാഫ്രിക്കക്ക് എതിരെ ആയിരുന്നു സഞ്ജു സെഞ്ച്വറി നേടിയത്.
2024 ലെ ട്വൻ്റി 20 റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു സഞ്ജു സാംസൺ. രണ്ടാമൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 13 മൽസരങ്ങളിൽ നിന്ന് 436 റൺസ് നേടിയാണ് സഞ്ജു ഒന്നാമൻ ആയത്. 18 മൽസരങ്ങളിൽ നിന്ന് സൂര്യകുമാർ യാദവ് നേടിയത് 429 റൺസ്. 11 മൽസരങ്ങളിൽ നിന്ന് 378 റൺസ് നേടിയ രോഹിത് ശർമയ്ക്ക് ലഭിച്ചത് മൂന്നാം സ്ഥാനം.
3 സെഞ്ച്വറികൾക്ക് പുറമെ ഒരു അർധ സെഞ്ച്വറിയും 2024 ൽ സഞ്ജുവിൻ്റെ പേരിലുണ്ട്. 31 സിക്സറുകളും 35 ഫോറുകളും നേടിയ സഞ്ജുവിൻ്റ സ്ട്രൈക്ക് റേറ്റ് 180.16 ആണ്. 40 പന്തുകളിലാണ് സഞ്ജു സെഞ്ച്വറി നേടിയത്. കരുത്തരായ ഭക്ഷിണാഫ്രിക്കക്കെതിരെ ആയിരുന്നു സഞ്ജുവിൻ്റെ മറ്റ് രണ്ട് തകർപ്പൻ സെഞ്ച്വറികളും.
ഫോം ആയിരുന്നു മാനദണ്ഡമെങ്കിൽ സഞ്ജു ടീമിൽ ഉണ്ടായിരുന്നേനെ എന്നാണ് ആരാധകർ പറയുന്നത്. അനുഭവ സമ്പത്തിനേക്കാൾ മികച്ച ഫോമിലുള്ളവരെ ടീമിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത് എന്ന വാദമാണ് ഉയരുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള ട്വൻ്റി 20 യിൽ സഞ്ജു ഇടം നേടിയിട്ടുണ്ട്. ടീമിൽ നിന്ന് ഒഴിവാക്കിയവർക്ക് ബാറ്റ് കൊണ്ട് സഞ്ജു മറുപടി കൊടുക്കും എന്ന പ്രതീക്ഷയാണ് ആരാധകർ പങ്ക് വയ്ക്കുന്നത്.