
ആദായ നികുതി ഇളവ്; സംസ്ഥാന സർക്കാർ ജീവനക്കാരിൽ നികുതി അടയ്ക്കേണ്ടത് ഒരു ലക്ഷം പേർ മാത്രം
നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ആദായനികുതി ഇളവിലൂടെ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് ഒരു മാസത്തെ ശമ്പളം ലാഭം.
ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ഭൂരിഭാഗം ജീവനക്കാരും നികുതിയായി അടച്ചിരുന്നത്. ശമ്പളം കൂടുമ്പോൾ നികുതിയായി അടയ്ക്കേണ്ട തുക ഉയരും.
പുതിയ പ്രഖ്യാപനം അനുസരിച്ച് 12 ലക്ഷം രൂപ വരെ നികുതി അടയ്ക്കേണ്ട. മാസം 1 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഉള്ളവരാണ് ഇനി മുതൽ നികുതി അടയ്ക്കേണ്ടത്.
5.50 ലക്ഷം സർക്കാർ ജീവനക്കാരാണ് കേരളത്തിൽ ഉള്ളത്.ധനമന്ത്രി കെ. എൻ ബാലഗോപാൽ നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം 2,88, 120 സർക്കാർ ജീവനക്കാരാണ് 50,000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങിക്കുന്നത്.
അണ്ടർ സെക്രട്ടറി ഹയർ ഗ്രേഡ് മുതലാണ് ശമ്പളം 1 ലക്ഷത്തിന് മുകളിലേക്ക് ഉയരുന്നത്. ഏകദേശം 1 ലക്ഷം ജീവനക്കാർക്കാണ് ശമ്പളം 1 ലക്ഷത്തിന് മുകളിലുള്ളത്. ശമ്പളക്കാരിൽ ആദായനികുതി അടയക്കേണ്ടത് ഈ ഒരു ലക്ഷം പേർ മാത്രമെന്ന് വ്യക്തം.
സ്റ്റാൻഡേർഡ് കിഴിവുകൾ ഉൾപ്പെടെ 12.75 ലക്ഷം രൂപ വരെ നികുതി ഇല്ലാതാകുമെന്നാണ് കേന്ദ്ര ബജറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് കിഴിവ് കൂടി കണക്കാക്കിയാൽ ആദായ നികുതി അടയ്ക്കേണ്ട സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ എണ്ണം വീണ്ടും കുറയും.