കേരളത്തിൽ കങ്കാണിമാരുടെ ഭരണം: അഡ്വ.എം ലിജു

Kerala Secretariat Association Dharna
ജനുവരി 22 ലെ സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് മുന്നോടിയായി സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എം ലിജു ഉത്ഘാടനം ചെയ്യുന്നു. കൺവീനർ എം എസ് ഇർഷാദ്, ചവറ ജയകുമാർ തുടങ്ങിയവർ സമീപം

ജീവനക്കാരെ സ്തുതിപാഠകരാക്കി മാറ്റുന്ന കങ്കാണിമാരുടെ ഭരണമാണ് കേരളത്തിൽ നടമാടുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എം ലിജു. സെക്രട്ടേറിയറ്റിൽ കുറെ കങ്കാണിമാരിരിപ്പുണ്ട്. ജീവനക്കാരെ ആട്ടിത്തെളിച്ച്, ഭീഷണിപ്പെടുത്തി, വനിതാ ജീവനക്കാരുൾപ്പെടെ മടമ്പിയുടെ മുന്നിൽകൊണ്ട് നിർത്തി, പഴയ വാഴക്കുലയുടെ സംവിധാനത്തിന് സമാനമായി തമ്പുരാനങ്ങനെ നിൽക്കുന്നു, സ്തുതിപാഠക സംഘം പാടി തിമിർക്കുന്നു.

വാഴ്ത്ത് പാട്ട് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഒ വി വിജയൻ്റെ ധർമ്മപുരാണമാണ്. ധർമ്മപുരാണത്തിൽ എങ്ങനെയാണോ ഭരണാധികാരിയെ വാഴ്ത്തിപ്പാടുന്നത്, അതുപോലെ ഒരു സാഹചര്യത്തിലാണ് ഭരണാധികാരിയുടെ വിസർജ്ജ്യങ്ങൾ വരെ മഹത്തരം ആണെന്ന ഇടതു സംഘത്തിൻ്റെ വാഴ്ത്ത്പാട്ട്.

സർക്കാരിൻ്റെ കെടുകാര്യസ്ഥതയും സർക്കാർ ജീവനക്കാരോട് കാട്ടുന്ന ക്രൂരതയുമാണ് പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ടത്. സർക്കാർ ജീവനക്കാരുടെ അവകാശ സംരക്ഷണത്തിന് സിപിഎം സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്നില്ല. സുപ്രീം കോടതി അംഗീകരിച്ച ലീവ് എൻകാഷ്മെൻ്റ് സ്കീമാണ് ലീവ് സറണ്ടർ എന്ന അവകാശം. അഞ്ചു വർഷമായി അത് നിഷേധിക്കുന്നു. ജീവനക്കാരിൽ നിന്നും പണം പിടിച്ച ശേഷം ഏർപ്പെടുത്തിയ മെഡിസെപ്പിൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സ ലഭിക്കുന്നില്ല. പക്ഷെ ഇവിടെ വാഴ്ത്തുപാട്ടാണ്. എത്രമാത്രം ലജ്ജാകരമാണത് – ലിജു കൂട്ടിച്ചേർത്തു.

കുടിശ്ശികയാക്കിയ ഡിഎ, ലീവ് സറണ്ടർ, ശമ്പള പരിഷ്ക്കരണം ആനുകൂല്യങ്ങൾ തിരികെ നൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക , സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും കൂട്ടധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് അധ്യക്ഷനായിരുന്നു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പിപുരുഷോത്തമൻ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് പ്രദീപ് കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസഷൻ ജനറൽ സെക്രട്ടറി വി എ ബിനു, പി എൻ മനാേജ് കുമാർ, കെ എം അനിൽകുമാർ, എ സുധീർ, പി കുമാരി അജിത, തിബീൻ നീലാംബരൻ, ജി ആർ ഗോവിന്ദ് , സി സി റൈസ്റ്റൻ പ്രകാശ്, ആർ രഞ്ജിഷ് കുമാർ , സജീവ് പരിശവിള, സൂസൻ ഗോപി, വി ഉമൈബ , എൻ സുരേഷ് , നൗഷാദ് ബദറുദ്ദീൻ, രേഖ നിക്സൺ, വി എസ് ഷീബ തുടങ്ങിയവർ സംസാരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments