
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് 83.80 ലക്ഷം അനുവദിച്ച് കെ.എൻ. ബാലഗോപാൽ
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് 83.80 ലക്ഷം അനുവദിച്ച് കെ.എൻ. ബാലഗോപാൽ. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഈ മാസം 16 നാണ് തുക അനുവദിച്ചത്.
ഹെലികോപ്റ്റർ വാടക ആവശ്യപ്പെട്ട് പോലിസ് മേധാവി ഡിസംബർ 6 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയായതിനാൽ പണം അനുവദിക്കാൻ ധനവകുപ്പ് വൈകി. 2024 നവംബർ മാസത്തെ ഹെലികോപ്റ്റർ വാടകയാണ് അനുവദിച്ചത്. 80 ലക്ഷം രൂപയാണ് മാസവാടക.
മാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വാടക. പിന്നിട്ടുള്ള ഓരോ മണിക്കൂറിനും 90,000 രൂപ കൂടി വാടകയായി നൽകണം. ഡൽഹി ആസ്ഥാനമായ ചിപ്സൺ ഏവിയേഷനിൽ നിന്നാണ് ഹെലികോപ്റ്റർ വാടകക്ക് എടുത്തത്. 2023 സെപ്റ്റംബർ മുതലാണ് മുഖ്യമന്ത്രി വീണ്ടും ഹെലികോപ്റ്റർ ഉപയോഗിക്കാൻ തുടങ്ങിയത്.
ഇപ്പോൾ അനുവദിച്ച 83.80 ലക്ഷം അടക്കം 2023 സെപ്റ്റംബർ മുതൽ ഹെലികോപ്റ്റർ വാടകയായി നൽകിയത് 11,23,80,000 രൂപയാണ്. എന്നാൽ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി നടത്തിയ യാത്രയുടെ വിശദാംശങ്ങൾ നിയമസഭയിലും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നില്ല.

ഇസഡ് പ്ലസ് സുരക്ഷ ഉള്ള ആളാണ് താനെന്നും അതുകൊണ്ട് യാത്രയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് സുരക്ഷ കാരണങ്ങളാൽ ഉചിതമല്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തും മുഖ്യമന്ത്രി യാത്രക്ക് ഹെലികോപ്റ്റർ വാടകക്ക് എടുത്തിരുന്നു.
2020 ൽ ആയിരുന്നു ആദ്യമായി വാടകക്ക് എടുത്തത്. 22 കോടി രൂപ വാടക ഇനത്തിൽ അന്ന് ചെലവായി. തുടർഭരണം ലഭിച്ച് 2 വർഷത്തിനു ശേഷമാണ് ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ വീണ്ടും തീരുമാനിച്ചത്. ഹെലികോപ്റ്ററിൻ്റെ മൊത്തം വാടക 33, 23, 80,000 രൂപയായി എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.