ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ 13ാം സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് തുടരുമെന്ന് നയപ്രഖ്യാപനത്തിൽ ഗവർണർ വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണത്തിൽ, വിപുലമായ ആശുപത്രി ശൃംഖലയിലൂടെയും ചികിത്സാ പാക്കേജുകളിലൂടെയും സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും, അവരുടെ കുടുംബങ്ങൾക്കും അവശ്യ മെഡിക്കൽ സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കിക്കൊണ്ട്, MEDISEP ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, സമഗ്രമായ കവറേജ് നൽകുന്നു. നീതിപൂർവവും സമഗ്രവുമായ ആരോഗ്യ സംരക്ഷണ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ഈ സംരംഭം കേരളത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് തുടരുന്നുവെന്നാണ് നയപ്രഖ്യാപനത്തിലെ പരാമർശം.
അതേസമയം, ജീവനക്കാർക്കുള്ള ശമ്പള പരിഷ്‌കരണം, ക്ഷാമബത്ത അടക്കമുള്ള ജീവനക്കാരുടെ മറ്റ് ആനുകൂല്യങ്ങൾ എന്നിവയെ കുറിച്ച് നയ പ്രഖ്യാപനത്തിൽ മൗനമാണ്. നിരവധി പരാതികള്‍ ഉയരുന്ന മെഡിസെപ് തുടരുമെന്നുള്ള സർക്കാർ നിലപാടില്‍ സർക്കാർ ജീവനക്കാർ നിരാശരാണ്.
പരാതികൾ വർദ്ധിച്ചതോടെ മെഡിസെപ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ഈ വർഷം ജൂണിൽ അവസാനിക്കും.
പദ്ധതി താളം തെറ്റിയിരിക്കുകയാണ്. പദ്ധതിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. പല വൻകിട ആശുപത്രികളും പദ്ധതിയിൽ നിന്ന് പിൻമാറിയിരുന്നു. വിമർശനങ്ങൾ കണക്കിലെടുത്താകും രണ്ടാം ഘട്ടം നടപ്പാക്കുക. ഡോ ശ്രീറാം വെങ്കിട്ടരാനാണ് സമിതി അദ്ധ്യക്ഷൻ. പാക്കേജുകളും ചികിത്സ നിരക്കും പരിഷ്‌ക്കരിക്കും.
പിണറായി സർക്കാർ ഏറെ കൊട്ടിഘോഷിച്ച് മെഡിസെപ്പ് പദ്ധതി കൊണ്ടു വരുന്നത് 2022 ജൂലൈ ഒന്നിന്. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ എന്നിവരടക്കം 30ലക്ഷം പേർക്ക് സൗജന്യ വിദഗ്ധ ചികിത്സ എന്നതായിരുന്ന വാഗ്ദാനം. ആദ്യ ഒരു വർഷം പദ്ധതി മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോയെങ്കിലും പിന്നീട് സർക്കാർ നേരിടേണ്ടി വന്നത് ജീവനക്കാരുടെ നിരന്തരമുള്ള പരാതികളാണ്. പ
ആനുകൂല്യങ്ങളുടെ മൂന്നിലൊന്ന് പോലും ലഭിക്കുന്നില്ല, ഒന്നിലധികം അസുഖങ്ങൾക്ക് ഒരേ സമയം ചികിത്സ ലഭിക്കുന്നില്ല എന്നിങ്ങനെ പരാതികൾ നീണ്ടു. മറുവശത്ത് സ്‌പെഷ്യാലിറ്റി ആശുപത്രികളും പരാതിക്കെട്ടഴിച്ചു. പല ചികിത്സകൾക്കും സർക്കാർ നിശ്ചയിച്ച തുക അപര്യാപ്തമാണെന്നായിരുന്നു ഇവരുടെ പ്രധാന പരാതി. പദ്ധതി ഒരു വർഷം പിന്നിട്ടപ്പോഴേക്കും പല വൻകിട ആശുപത്രികളും പിൻമാറിയത് സർക്കാരിന് തിരിച്ചടിയായി. ഇതിനിടെ വൻനഷ്ടമാണെന്നും പ്രീമിയം തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇനൻഷുറൻസ് കമ്പനിയും രംഗത്ത് വന്നതോടെ പദ്ധതിതാളം തെറ്റുകയായിരുന്നു.