
ക്ഷാമബത്ത, ക്ഷാമ ആശ്വാസം: കേരളത്തിൽ 6 ഗഡുക്കൾ സ്ഥിരം കുടിശിക
ക്ഷാമബത്ത, ക്ഷാമ ആശ്വാസം 6 ഗഡുക്കൾ സ്ഥിരം കുടിശിക ആകും. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത , ക്ഷാമ ആശ്വാസ കുടിശികയിൽ 2025-26 ൽ 2 ഗഡുക്കൾ നൽകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി നിയമസഭയിൽ ചട്ടം 300 പ്രകാരം ഒരു സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്ത നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് ആവർത്തിക്കുകയായിരുന്നു ധനമന്ത്രി. കുറെ കൂടി തരാൻ ശ്രമിക്കുമെന്നും ധനമന്ത്രി കൂട്ടി ചേർത്തു.
ഒരു സാമ്പത്തിക വർഷം 2 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ആണ് കേന്ദ്രം പ്രഖ്യാപിക്കുന്നത്. ജനുവരി, ജൂലൈ പ്രാബല്യത്തിലാണ് ക്ഷാമബത്ത കേന്ദ്രം പ്രഖ്യാപിക്കുന്നത്. അതിൻ്റെ ചുവട് പിടിച്ചാണ് സംസ്ഥാനങ്ങളും ക്ഷാമബത്ത അനുവദിക്കുന്നത്.
നിലവിൽ കേരളത്തിൽ 6 ഗഡുക്കൾ ആണ് ക്ഷാമബത്ത കുടിശിക . കേന്ദ്രം 2025 ൽ പ്രഖ്യാപിക്കുന്ന 2 ഗഡു ക്ഷാമബത്ത കൂടി കണക്കാക്കിയാൽ സംസ്ഥാനം നൽകാനുള്ള ക്ഷാമബത്ത കുടിശിക 8 ഗഡുക്കളായി ഉയരും. 2 ഗഡു തരുമെന്ന് ധനമന്ത്രി പറയുമ്പോൾ 6 ഗഡു സ്ഥിരം കുടിശികയായി നിലനിൽക്കും.
ഡി.എ കുടിശികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ഡി.എ കുടിശികയിൽ എന്തെങ്കിലും തരാൻ ധനമന്ത്രി തയ്യാറായത്.
ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഭരണ പ്രതിപക്ഷ കക്ഷികൾ ജനുവരി 22 ന് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രചരണങ്ങൾ ഇരുകൂട്ടരും ശക്തമായി നടത്തുകയാണ്.
സംസ്ഥാനം കണ്ട ഏറ്റവും വലിയ പണിമുടക്കുകളിൽ ഒന്നായി ചരിത്രത്തിൽ ജനുവരി 22 ലെ പണിമുടക്ക് എഴുതപ്പെടും എന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്ത നേതാക്കൾ പറയുന്നത്. സി പി ഐയുടേയും പ്രതിപക്ഷത്തിൻ്റേയും സംഘടനകൾ ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ആണ് 2 ഗഡു ക്ഷാമബത്ത തരും എന്ന് ധനമന്ത്രി ഇന്നലെ പ്രസംഗിച്ചത്.