നെയ്യാറ്റിൻകരയിൽ ഗോപൻ സ്വാമിയെ നാളെ മഹാസമാധി ഇരുത്തുമെന്ന് കുടുംബക്കാർ. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകൾ നാളെ നടക്കും. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന പൊലീസിന്റെ പ്രാഥമിക നിഗമനം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്‌കാര ചടങ്ങുകൾ നാളെ നടത്താൻ തീരുമാനിച്ചത്.
മൃതദേഹം ഇന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കുമെന്നാണ് ഗോപൻസ്വാമിയുടെ മകൻ സനന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.
മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ കാണാനില്ലെന്നാണ് പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ. ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാൻ ഒരാഴ്ചയോളം സമയമെടുക്കും.
‘ശിവന്റെ അമ്പലത്തിൽ അച്ഛൻ സമാധിയായി. സമാധിയെ മഹാസമാധി എന്ന് വേണം പറയാൻ. ഇതിന് തടസം നിന്നവർക്കെതിരെ നിയമപരമായ നടപടി എടുക്കണം. അച്ഛന്റേത് മഹാ സമാധിയാണ്. ഹിന്ദു ആചാരത്തെ വ്രണപ്പെടുത്തിയിൽ ആരൊക്കെ ഉണ്ടോ അവർക്കെതിരെയെല്ലാം നിയമ നടപടി എടുത്തേ പറ്റൂ. കുടുംബത്തെ വേട്ടയാടിയവർക്കെതിരെ നിയമനടപടി സ്വീകരിക്കും’- ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ പറഞ്ഞു.
ഗോപൻ സ്വാമിയുടെ വിവാദ സമാധി കല്ലറ പൊളിച്ചപ്പോൾ കണ്ടത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വായ തുറന്ന നിലയിലാണ്. വായിൽ ഭസ്മവും മൃതദേഹത്തിന്റെ നെഞ്ചുവരെ പൂജാദ്രവ്യങ്ങൾ നിറച്ചിട്ടുമുണ്ട്.