
മുഖ്യമന്ത്രി പടനായകൻ! പുകഴ്ത്തൽ പാട്ടെഴുതിയത് കെ.എൻ. ബാലഗോപാലിൻ്റെ ഓഫിസിലെ ജീവനക്കാരൻ
മുഖ്യമന്ത്രിയെ പടനായകനെന്ന് പുകഴ്ത്തി പാട്ടെഴുതിയത് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ഓഫിസിലെ ജീവനക്കാരൻ ചിത്രസേനൻ. പൊതുഭരണ വകുപ്പിൽ നിന്ന് 2023 ൽ വിരമിച്ച ചിത്രസേനനെ ബാലഗോപാൽ തൻ്റെ ഓഫിസിൽ നിയമിച്ചിരുന്നു. ഭരണകക്ഷി സംഘടനയുടെ ശുപാർശയിൽ ആണ് ചിത്രസേനന് വിരമിച്ച ശേഷം ബാലഗോപാലിൻ്റെ ഓഫിസിൽ നിയമനം ലഭിക്കുന്നത്.
സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനയുടെ സുവർണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനത്തിൻ്റെ ഭാഗമായി തയ്യാറാക്കിയതാണ് ഗാനം.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 100 വനിതകള്‍ ചേർന്ന് നാളെ ഈ ഗാനം ആലപിക്കും. ചിത്രസേനൻ രചിച്ച ഗാനത്തിന് നിയമവകുപ്പിലെ ഉദ്യോഗസ്ഥൻ വിമലാണ് സംഗീതം നല്‍കിയത്.
കാരണഭൂതനെന്ന വിവാദ തിരുവാതിരയ്ക്ക് ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള ഗാനം എത്തുന്നത്. സംഘടനയില്‍ വലിയ ചേരിപ്പോര് നടക്കുന്നുണ്ട്. പി ഹണിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്കാണ് മുഖ്യമന്ത്രിയുടെ പിന്തുണ. ഈ പിന്തുണ ഉറപ്പിക്കാനാണ് സംഘടനാ നേതൃത്വം ഗാനം തയ്യാറാക്കിയത്.
ഇന്നലെ ഹൈക്കോടതിയുടെ വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതും ഇതേ സംഘടനയുടെ ഇതേ ഭരണസമിതിയാണ്. വിവാദമായിട്ടും കട്ടൗട്ട് നീക്കാൻ ആവശ്യപ്പെട്ടിട്ടും സംഘടനാ നേതൃത്വം ഇതിന് തയ്യാറായിരുന്നില്ല. ഒടുവില്‍ നഗരസഭാ ജീവനക്കാരെത്തി ഫ്ലെക്സ് കീറി മുഖ്യമന്ത്രിയുടെ കട്ടൗട്ട് എടുത്തുമാറ്റുകയായിരുന്നു.
അതേ സമയം തന്നെ പ്രകീർത്തിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ തയ്യാറാക്കിയ പാട്ട് കേട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരാണ് പാട്ട് എഴുതിയതെന്ന് അറിയില്ല. താൻ ഇതുവരെ ആ പാട്ട് കേട്ടിട്ടില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു.ഇങ്ങനെയൊരു പാട്ട് വരുമ്പോൾ തന്നെ സകല കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിക്കുന്ന ഒരു കൂട്ടർ നമ്മുടെ നാട്ടിലുണ്ടല്ലൊ, ആളുകൾക്ക് വല്ലാത്ത വിഷമമുണ്ടാകും സ്വാഭാവികമല്ലെ എന്നും മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
തങ്ങളാരും വ്യക്തി പൂജക്ക് നിന്നുകൊടുക്കുന്നവരല്ല. വ്യക്തി പൂജയുടെ ഭാഗമായി ഏതെങ്കിലും കാര്യങ്ങൾ ആർക്കും നേടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.